chendumalli-pookrishi
കയ്പ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചെണ്ടുമല്ലി പൂകൃഷിയിടത്തിൽ

കയ്പ്പമംഗലം: ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കൃഷിയുമായി സ്‌കൂൾ വിദ്യാർത്ഥികൾ. കയ്പ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ചെണ്ടുമല്ലി വിരിയിച്ച് വിസ്മയം തീർക്കുന്നത്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. ബംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് വിഭാഗത്തിൽപെട്ട ആയിരം തൈകളാണ് നട്ടത്. 300 കിലോ പൂക്കൾ വിളവെടുക്കാനാകുമെന്ന് അദ്ധ്യാപിക എം.എസ് ബീന പറഞ്ഞു. മുൻവർഷങ്ങളിൽ 800 കിലോ പൂക്കൾ വരെ വിളവെടുത്തു. കഴിഞ്ഞ വർഷം വിതച്ചെങ്കിലും പ്രളയത്തിൽ നശിച്ചു.
2015 ലാണ് സ്‌കൂളിൽ പച്ചക്കറിക്കൃഷി, പൂക്കൃഷി എന്നിവ ചെയ്യാൻ തീരുമാനിച്ചത്. രാമത്ത് ജോഷി എന്നയാളുടെ തരിശായി കിടന്ന നിലം ഇതിനായി തെരഞ്ഞെടുത്തു. കാട് പിടിച്ചു കിടന്ന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മികച്ച വിളനിലമായി. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കാണ് ജലസേചനത്തിനുള്ള സഹായം നൽകിയത്.

കൃഷിഭവൻ ഓഫീസർ അനില മാത്യൂ കൃഷിക്ക് വേണ്ട മാർഗനിർദ്ദേശം കൊടുത്ത് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി. പൂക്കൃഷിക്കൊപ്പം തക്കാളി, വെണ്ട, വഴുതന, കപ്പ, പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പൂക്കൃഷി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇവർ. വഴുതന, കപ്പ, പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പൂക്കൃഷി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇവർ.