തൃശൂർ: കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളിൽ ഇക്കുറി ഗുണനിലവാരമുള്ളവ മാത്രം സംഭരിക്കാൻ കൃഷി ഭവനുകൾക്ക് നിർദ്ദേശം. ഗുണനിലവാരമില്ലാത്തവ സംഭരിക്കാൻ കർഷകരിൽ നിന്ന് സമ്മർദ്ദമുള്ളതായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്. ഗുണനിലവാരമുള്ളവ സ്വകാര്യ വിപണിയിൽ നൽകിയ ശേഷം ബാക്കിയുള്ളവ കൃഷിവകുപ്പിന് നൽകുന്ന പ്രവണതയുള്ളതായാണ് പരാതി. ഗുണനിലവാരം കുറഞ്ഞതും പ്രളയത്തിൽ നഷ്ടം വന്നതുമായ പച്ചക്കറികൾ വിറ്റഴിക്കാൻ നേരത്തെ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിരുന്നു.
സ്വകാര്യ വിപണിയിൽ കർഷകർക്ക് കിട്ടുന്ന വിലയുടെ 10 ശതമാനം അധികം നൽകിയാണ് കൃഷിവകുപ്പ് പച്ചക്കറികൾ വാങ്ങുന്നത്. ഇവ വിപണി വിലയുടെ 30 ശതമാനം കുറച്ച് ചന്തകളിൽ വിൽക്കും. ഇന്നലെ ജില്ലയിലെ 125 കേന്ദ്രങ്ങളിൽ ചന്തകൾ തുറന്നു. പത്തുവരെ നീണ്ടു നിൽക്കും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെയും (വി.എഫ്.പി.സി.കെ.) ഹോർട്ടി കോർപ്പിന്റെയും 35 ചന്തകൾ വേറെയുമുണ്ട്. തൃശൂർ നഗരത്തിൽ മാത്രം ആറ് ചന്തകളാണുള്ളത്.
ഗുഡ് അഗ്രി പ്രാക്ടീസിലൂടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്ത ഉത്പന്നങ്ങൾക്ക് വിപണിവിലയുടെ 20 ശതമാനം വില അധികം കൊടുത്താണ് സംഭരിക്കുന്നത്. വിളകൾക്ക് ഗുണനിലവാരം പരിശോധിച്ച് സാക്ഷ്യപത്രം നൽകുന്ന സംവിധാനമാണ് ഗുഡ് അഗ്രി പ്രാക്ടീസ്. ഇവ വിപണിയിലെ 10 ശതമാനം കുറവിൽ വിൽക്കും.
ജില്ലയിലെ കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നതിനാണ് മുഖ്യപരിഗണന. ഇവിടെ നിന്ന് കിട്ടാത്തവ മറ്റുജില്ലകളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന സംഭരിക്കും. കൃഷിവകുപ്പ് ശേഖരിക്കുന്ന മാതൃകയിൽത്തന്നെയായിരിക്കും ഹോർട്ടികോർപ്പിന്റെയും സംഭരണം. അതിനാൽ ഗുണനിലവാരം ഉറപ്പാക്കാനാകുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. കേരളത്തിൽ ഇല്ലാത്തവ മാത്രം അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരും. കഴിഞ്ഞ തവണ പ്രളയം മൂലം ചന്തകളുടെ എണ്ണം കുറവായിരുന്നു. ഇതാദ്യമായാണ് ഇത്രയും അധികം ചന്ത കൃഷിഭവനുകൾക്ക് കീഴിൽ തുറക്കുന്നത്.

ഒരു കേന്ദ്രത്തിന്റെ നഷ്ടം 65,000

കർഷകർക്ക് ഉയർന്ന വിലയും വിപണി വിലയേക്കാൾ കുറഞ്ഞ തുകയിൽ പൊതുജനങ്ങൾക്കും പച്ചക്കറി നൽകുന്നതിലൂടെ ഓരോ കേന്ദ്രത്തിനും വരുന്ന നഷ്ടം നികത്താൻ അനുവദിച്ചിരിക്കുന്നത് 65,000 രൂപയാണ്. 81 ലക്ഷം രൂപയാണ് ജില്ലയ്ക്കായി മൊത്തം ഈയിനത്തിൽ അനുവദിച്ചത്.


ജില്ലയിൽ പച്ചക്കറി ചന്തകൾ: 160
കൃഷി വകുപ്പ് :125
വി.എഫ്.പി.സി.കെ + ഹോർട്ടികോർപ്പ് : 35

ഇടനിലക്കാരെ ഒഴിവാക്കി പരമാവധി വില ലഭിക്കാനുള്ള അവസരം മുഴുവൻ കർഷകരും ഉപയോഗപ്പെടുത്തണം
മിനി കെ.എസ് (ഡെപ്യൂട്ടി അഗ്രികൾച്ചറൽ ഓഫീസർ, തൃശൂർ)