തൃശൂർ: വാട്‌സ് ആപ് സംഗീത കൂട്ടായ്മയായ എം ഫോർ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രളയദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് പുനരധിവാസ സാമ്പത്തിക സഹായം നൽകുന്നതിനായി വരമേളം, സ്വരസാന്ത്വനം എന്നീ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ 11ന് ടൗൺഹാളിൽ ഗായകൻ മണികണ്ഠൻ അയ്യപ്പൻ വരമേളത്തിന്റെയും ഉച്ചയ്ക്ക് രണ്ടിന് പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ സ്വരസാന്ത്വനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് നാടൻപാട്ട്, മിമിക്രി, മാജിക് ഷോ, ഓപറ എന്നിവയും ഉണ്ടാകും. കെ.ടി. ശ്രീജ, അനൂപ് തങ്ങാലൂർ, എം.പി. പ്രജോഷ്, സുജിത്ത്, സനൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.