തൃശൂർ: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവയത്രിയുമായ വിജയരാജ മല്ലികയും ഫ്രീലാൻസ് സോഫ്ട് വെയർ എൻജിനിയർ ജാഷിമും വിവാഹിതരായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശൂരിലെ ആസ്ഥാന മന്ദിരത്തിന് സമീപം ഒരുക്കിയ വേദിയിൽ ലളിതമായ ചടങ്ങിൽ ജാഷിമും വിജയരാജമല്ലികയും പരസ്പരം ചുവപ്പ്ഹാരം ചാർത്തി. തൃശൂർ മുതുവറ സ്വദേശിയായ വിജയരാജ മല്ലികയും, തൃശൂർ മണ്ണുത്തി സ്വദേശിയായ ജാഷിമും തമ്മിൽ ഒരു വർഷം മുമ്പാണ് സൗഹൃദത്തിലായത്. ഇരുവരും ഒരുപാട് വേദികളിൽ ഒരുമിച്ച് കണ്ടു. സൗഹൃദം പ്രണയമായി. കൂട്ടത്തിലൊരാൾ വിവരം ജാഷിമിന്റെ വീട്ടിൽ അറിയിച്ചതോടെ എതിർപ്പുയർന്നു. ജാഷിമുമായുള്ള വിവാഹക്കാര്യം വിജയരാജമല്ലികയാണ് കഴിഞ്ഞ ദിവസം ഫേസ്ബൂക്കിലൂടെ പങ്കുവച്ചത്.
"ഞാൻ ഒരു ഹിജഡയാണെന്നും ജാഷിമിനെ നിർബന്ധിപ്പിച്ച് കൂടെ നിറുത്തിയിരിക്കുകയാണെന്നും എന്റെ ശാരീരിക- സാമ്പത്തിക ആവശ്യങ്ങൾക്കായാണ് കൊണ്ടു നടക്കുന്നതെന്നും ചിലർ വീട്ടുകാരെ പറഞ്ഞു പഠിപ്പിച്ചു. വീട്ടുകാർ ഇങ്ങനെയൊക്കെ പറയുന്നുവെന്ന് ജാഷിം എന്നെ അറിയിച്ചപ്പോൾ എങ്കിൽ പിന്നെ ഉമ്മയും കുടുംബവും പറയും പോലെ ജീവിക്കൂ എന്ന് ഞാൻ പലകുറി പറഞ്ഞുനോക്കി. പക്ഷേ, ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു"വെന്നാണ് വിജയരാജ മല്ലിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജാഷിമിന്റെ വീട്ടുകാരുടെ എതിർപ്പ് നിയമ നടപടികളിലൂടെയാണ് മറികടന്നത്. മനു ജെ കൃഷ്ണൻ എന്നായിരുന്നു വിജയരാജ മല്ലികയുടെ പഴയ പേര്. മല്ലികയുടെ കവിതാസമാഹാരം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എം.എ മലയാളം പാഠ്യവിഷയമാണ്. ഈ പുസ്തകത്തിലെ രണ്ടു കവിതകൾ എം.ജി യൂണിവേഴ്‌സിറ്റിയിലും കാലടി ശങ്കാരാചാര്യ യൂണിവേഴ്‌സിറ്റിയിലും പഠനവിഷയമാണ്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ എം. എൽ.എ ബാബു എം. പാലിശേരി തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തി.