ചാവക്കാട്: ദേശീയപാത തകർന്നിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരെ താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം. ചാവക്കാട് മുതൽ പൊന്നാനി വരെയും, ചാവക്കാട് മുതൽ തൃപ്രയാർ വരെയുമുള്ള റോഡുകളിലെ വലിയ കുഴികൾ ശരിയാക്കാത്തതിനെതിരെ കക്ഷിഭേദമന്യേ അംഗങ്ങൾ ദേശീയപാത അധികൃതർക്കെതിരെ പൊട്ടിത്തെറിച്ചു. റോഡിലെ വലിയ ഗർത്തങ്ങളിൽ ചളിനിറഞ്ഞ് അപകടം പതിവായിട്ടും അധികൃതർ അനങ്ങാത്തത് പ്രതിഷേധത്തിനിടയാക്കി. കുഴിയടക്കുന്നതിന് മഴ തടസമല്ലെന്നുള്ള വാദമാണ് അംഗങ്ങൾ ഉയർത്തിയത്. ഒരുമനയൂരിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് പട്ടയം നൽകാത്തത് റവന്യൂ അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് അഭിപ്രായമുയർന്നു. പ്രധാനപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിനെത്താത്തതും വിമർശനത്തിനിടയാക്കി. ചേറ്റുവ പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നു. ഇതുമൂലം കടലിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായും പറഞ്ഞു. മഴക്കെടുതിയിൽ ബന്ധുവീടുകളിൽ അഭയംതേടിയവർക്ക് ഉൾപ്പടെ സഹായമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായമുയർന്നു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, തഹസിൽദാർ സി.എസ്. രാജേഷ്, ഡെപ്യൂട്ടി തഹസിൽദാർ സി.എ. പ്രസാന്ത്, ഫിറോസ് പി.തൈപ്പറമ്പിൽ, പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.