chimmoni-dam
ചിമ്മിനി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 5സെ.മീറ്റര്‍ വീതം തുറന്നപ്പോള്‍

പുതുക്കാട്: ചിമ്മിനി ഡാമിന്റെ രണ്ട് ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ വീതം തുറന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് രണ്ട് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെ ഡാമിലെ ജലനിരപ്പ് 74.14 മീറ്ററിലെത്തിയപ്പോഴാണ് രണ്ട് ഷട്ടറുകൾ തുറന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 79.40 മീറ്ററാണ്. എന്നാൽ ഡാം സുരക്ഷാ അതോറിറ്റിയുടെ കർശന നിർദ്ദേശം ഉള്ളതിനാൽ 76.40 മീറ്റർ ജലമാണ് സംഭരിക്കാനാവൂ. വൃഷ്ടി പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.
രണ്ട് ഷട്ടറുകൾ തുറന്നതോടെ പ്രതിദിനം 0.16 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. 134.16 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഷട്ടറുകൾ തുറക്കുമ്പോൾ ഡാമിൽ സംഭരിച്ചിരുന്നത്. പരമാവധി സംഭരണ ശേഷി 151.55 ദശലക്ഷം ഘനമീറ്ററാണ്. ചിമ്മിനിയിലെ ജലവൈദ്യുതി പദ്ധതി പ്രവർത്തിക്കണമെങ്കിൽ സെക്കൻഡിൽ, 0.25 സെന്റി മീറ്റർ ക്യൂബ് വെള്ളം ആവശ്യമാണ്. അതിനാൽ ഇപ്പോൾ ഷട്ടർ തുറന്ന് പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളം പാഴാവുകയാണ്. വൈദ്യുതോൽപാദനത്തിന് ആവശ്യമായ കൂടുതൽ വെള്ളം നൽകാൻ ഇറിഗേഷൻ വകുപ്പ് ഇപ്പോൾ തയ്യാറാകുന്നുമില്ല.