എരുമപ്പെട്ടി: വേലൂർ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് മെമ്പർമാർ ഉപരോധിച്ചു. പഞ്ചായത്തിലെ തെരുവ് വിളക്കുകൾ മാസങ്ങളായി അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ മെമ്പർമാർ സെക്രട്ടറിയെ ഉപരോധിച്ചത്. പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷം ബഹിഷ്കരിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. ഭരണസമിതി യോഗത്തിൽ പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടാക്കാൻ തയ്യാറാകുന്നില്ലെന്നും സിപിഎം, ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിലെ അറ്റകുറ്റപണികൾ നടത്തി കോൺഗ്രസ് വാർഡുകളെ അവഗണിക്കുകയാണെന്നും കോൺഗ്രസ് മെമ്പർമാർ ആരോപിച്ചു. രാവിലെ 11 മുതൽ വൈകീട്ട് 6 വരെ നടത്തിയ ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് പി.കെ ശ്യാം കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ സ്വപ്ന രാമചന്ദ്രൻ, അംഗങ്ങളായ എൽസി ഔസേഫ്, ഡെയ്സി ഡേവിസ്, ശ്രീജ നന്ദൻ, എൻ.ഡി സിമി എന്നിവർ പങ്കെടുത്തു. എരുമപ്പെട്ടി പൊലീസ് മെമ്പർമാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാൽ മുഴുവൻ വാർഡുകളിലും അറ്റകുറ്റപണികൾ നടത്തി വരികയാണെന്നും സെക്രട്ടറിയെ ഉപരോധിച്ച് പഞ്ചായത്തിന്റെ പ്രവർത്തനംതടസപ്പെടുത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ പറഞ്ഞു.