കൊടുങ്ങല്ലൂർ: നഗരത്തിലെ വടക്കെനടയിൽ നഗരസഭയുടെ നേതൃത്വത്തിൽ സ്വകാര്യ പേ പാർക്കിംഗ് സംവിധാനമൊരുങ്ങി. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. സുപ്രീം ബേക്കറി ഉടമ വി.ആർ പ്രേമന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ, ഈ സംരംഭത്തിന് പ്രേരകമായി വർത്തിച്ച സലിൽ, റഫീക്ക്, അൻവർ, ബിജൻ പുളിക്കൽ, ജീവൻ നാലുമാക്കൽ എന്നിവർ സംസാരിച്ചു.

വടക്കെനടയിൽ റോഡിന് കിഴക്ക് ഭാഗത്തെ വാഹന പാർക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുമ്പോൾ വാഹന ഉടമകൾക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന അസൗകര്യം പരിഹരിക്കാനാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വാഹനങ്ങൾക്ക് പേ പാർക്കിംഗ് സൗകര്യം ഒരുക്കിയത്. പാർക്കിംഗ് ഫീസ് ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്ക് അതാത് വ്യാപാര സ്ഥാപനങ്ങൾ മുഖേന തിരികെ ലഭിക്കും.

അതേസമയം കൗൺസിൽ കൈക്കൊണ്ട നഗരസിരാ കേന്ദ്രത്തിലെ പാർക്കിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ അംഗപരിമിതർക്കും വൃദ്ധർക്കുമൊക്കെ ഇത് പ്രതികൂലമായേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പാർക്കിംഗ് നിരോധിത മേഖല വില്ലേജ് ഓഫീസ് വരെ മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം വടക്കെഭാഗത്തെ വ്യാപാരികളിൽ നിന്നും ഉയർന്നിട്ടുണ്ട്.