കയ്പ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ബി.ജെ.പി - യു.ഡി. എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സർവകക്ഷിയോഗം പ്രഹസനമെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എൽ.ഡി.എഫ് യു.ഡി.എഫ്. പ്രതിനിധികൾ തമ്മിൽ വാക്കേറ്റവും ഉണ്ടായി.
മുസ്ലിംലീഗ് ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കാതെ, പ്രതിപക്ഷത്തെ ആസൂത്രണ സമിതി അംഗങ്ങളെ അറിയിക്കാതെയുമാണ് യോഗം ചേർന്നതെന്ന് യു.ഡി.എഫ് പ്രതിനിധികൾ ആരോപിച്ചു. സ്ഥലം എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങി ബന്ധപ്പെട്ടവരാരും യോഗത്തിൽ പങ്കെടുത്തിട്ടില്ല എന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നും യു.ഡി.എഫ് നേതാക്കൾ പത്രകുറിപ്പിലൂടെ ആരോപിച്ചു. കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായ എം.യു. ഉമറുൽ ഫാറൂഖ്, പഞ്ചായത്ത് മെമ്പർമാരായ പി.എ അബ്ദുൾ ജലീൽ, എ.കെ ജമാൽ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. എം.എൽ.എയെ ക്ഷണിക്കാത്തതിനാലും
ബി.ജെ.പിയെ അസൂത്രണ സമിതിയിലും മറ്റും ഉൾപ്പെടുത്താത്തതിനാലുമാണ് ഇറങ്ങിപ്പോന്നതെന്ന് ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതി ബാസ് തേവർക്കാട്ടിൽ, എടത്തിരുത്തി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷാജിലാൽ എന്നിവർ ആരോപിച്ചു.
എന്നാൽ എം.എൽ.എയെയും മറ്റും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അവരുടെ കൂടി അഭിപ്രായങ്ങളാണ് ചർച്ച ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. എല്ലാ വാർഡുകളിലും യോഗം ചേർന്ന് ആ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ അവിടെ തന്നെ തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. യു.ഡി.എഫും, ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. പഞ്ചായത്തംഗങ്ങൾ, വില്ലേജ് , ഇറിഗേഷൻ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ പങ്കെടുത്തു..