തൃശൂർ: ഓണക്കാലം അടുത്തതോടെ, കഴിഞ്ഞ ദിവസം രാത്രി ഏഴിന് തുടങ്ങിയ വാഹനങ്ങളുടെ നീണ്ട കുരുക്ക് ഇന്നലെ രാത്രിയിലും തുടർന്നു. കുഴികളിൽ കയറിയിറങ്ങാൻ ചരക്ക് വാഹനങ്ങളും മറ്റു കണ്ടെയ്‌നറുകളും കൂടുതൽ സമയം എടുക്കുന്നതിനാൽ കുരുക്ക് മുറുകി. ഓണവിപണിയിലെത്തേണ്ട ചരക്കുകളെല്ലാം റോഡിൽ കെട്ടിക്കിടക്കുകയാണ്. ബസ് സർവീസുകളും താറുമാറായി. അത്യാവശ്യങ്ങൾക്ക് വീട്ടിൽ നിന്ന് ഇറങ്ങിയവർ കുതിരാൻ കുരുക്കിൽ വഴിയിൽ വലയുകയാണ്.
കൊമ്പഴ മുതൽ വഴുക്കുംപാറ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരമാണ് വാഹനങ്ങളെ ഏറെയും കുടുക്കിയിടുന്നത്. മന്ത്രിയും കളക്ടറും എം.പിയുമെല്ലാം ഇടപെട്ട് ഈ ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച കോൾഡ് മിക്‌സർ ഉപയോഗിച്ച് കുഴി അടച്ചെങ്കിലും കനത്ത മഴയിൽ കുഴികളെല്ലാം വാ തുറന്നു. മറ്റൊന്നും ചെയ്തില്ലെങ്കിലും കുതിരാൻ ഭാഗത്ത് മാത്രം കുഴി ഇല്ലാതെ ശ്രദ്ധിച്ചാൽ വലിയ ആശ്വാസമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കുരുക്ക് അഴിക്കാൻ ഹൈവേ പൊലീസും പീച്ചി പൊലീസും കൊമ്പഴയിലെ നാട്ടുകാരും രാപകൽ ശ്രമം നടത്തുന്നുണ്ടെങ്കിലും വാഹന പെരുപ്പം പ്രശ്‌നമാണ്. ജനപ്രതിനിധികളും മന്ത്രിമാരും വന്നു പോകുമ്പോൾ കുറച്ച് മിക്‌സ്ചർ ലോറിയിൽ കൊണ്ടുപോയി കുഴികളിൽ ഇടും. അത് നിരത്താൻ പോലും ഇവർ തയ്യാറാകാറില്ല. ഇതോടെ കുഴികളിൽ ഇവ കുന്നുകൂടി കിടന്ന് ഇത് മറ്റൊരു തടസമായി നിൽക്കും.