മാള: അന്നമനട പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ യോഗ്യതയില്ലാത്ത ആളെ നിയമിക്കുന്നതിന് പഞ്ചായത്ത് യോഗത്തിൽ തീരുമാനമെടുത്തതായി ആരോപണം. ഈ നടപടി പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഡി.ഡി.പി സംഘം മിനിറ്റ്‌സും രേഖകളും പരിശോധിച്ചു.

പത്ത് വർഷമായി അന്നമനട എൻ.ആർ.എച്ച്.എം ഹോമിയോ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുകൊണ്ടിരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് യോഗ്യതയില്ലാത്തയാളെ നിയമിച്ചുവെന്നാണ് പരാതി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ റെജികുമാർ, സീനിയർ സൂപ്രണ്ടുമാരായ വിനോദ്, സുനിൽ എന്നിവരടങ്ങിയ സംഘം പഞ്ചായത്ത് യോഗത്തിലെ മിനിറ്റ്‌സും, രേഖകളും പരിശോധിക്കുകയും പഞ്ചായത്ത് അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് ഭരണ നേതൃത്വം വിശദീകരിച്ചു.