തൃശൂർ: പ്‌ളാസ്റ്റിക്കും മരവും വേണ്ട, വില എത്ര കൂടിയാലും ഓണ വിപണിയിലെത്തുന്നവർക്ക് കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പന്മാർ മതി. അതിനാൽ അർഹിക്കുന്ന വരുമാനമില്ലെങ്കിലും കാണം വിൽക്കാതെ ഓണമുണ്ണാൻ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് പ്രധാന വരുമാന മാർഗ്ഗം കൂടിയായി തൃക്കാക്കരയപ്പന്മാർ.
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ചില പണിശാലകളിൽ മൺപാത്രങ്ങളേക്കാൾ നിർമ്മിച്ചത് കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പന്മാരെയായിരുന്നു. കരവിരുതും ഏറെ വേണം തൃക്കാക്കരയപ്പന്മാരുടെ നിർമ്മാണത്തിന്. പക്ഷേ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള പ്രതിഫലം തൊഴിലാളികൾക്ക് ലഭിക്കാറില്ല. വരുമാനമില്ലാതായതോടെ, പുതുതലമുറ പരമ്പരാഗത തൊഴിൽ മേഖലയിൽ നിന്നകന്നതോടെ പഴയ തലമുറ മാത്രമാണ് കളിമൺ പാത്ര നിർമ്മാണ മേഖലയിലുള്ളത്.
മണ്ണ് ലഭിക്കാനുളള തടസങ്ങളായിരുന്നു മുൻകാലങ്ങളിൽ തൊഴിലാളികളുടെ പ്രധാനപരാതി. എന്നാൽ കളിമണ്ണ് ലഭ്യമാക്കുന്നതിന് തിരിച്ചറിയൽ കാർഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകൾ വഴി വിതരണം ചെയ്യാൻ തുടങ്ങിയതോടെ പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചു. മുൻകാലങ്ങളിൽ വീടുകളിലെത്തിച്ചായിരുന്നെങ്കിൽ, ഇപ്പോൾ ചെറുകിട കച്ചവടക്കാരിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേളകളിലൂടെയുമാണ് വിൽപ്പന. ഉത്രാടനാളിൽ തൃക്കാക്കരയപ്പന്മാരുടെ തെരുവ് കച്ചവടം പൊടിപൊടിക്കും. വീടുകളിലും മണ്ണ് കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കാറുണ്ട്. ഉത്രാടം ദിവസം പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്മാരെ അവിട്ടം നാൾ വൈകിട്ട് വരെ പൂവിട്ടും നിത്യപൂജ നടത്തിയും ആരാധിക്കും. അരിമാവ് കൊണ്ട് അണിഞ്ഞ്, തലയിൽ കൃഷ്ണ കിരീടവും കാശിത്തുമ്പയും കുത്തി മൂന്ന് നേരവും അരിമാവ് പൂശി, അരിയും അടയും പഴവും നിവേദിക്കും.
വിശ്വാസം പലത്
ധർമ്മത്തിനായി നിലകൊണ്ട മഹാബലിയുടെ രൂപമെന്ന സങ്കൽപ്പത്തിലാണ് തൃക്കാക്കരയപ്പന്മാരെ വിശ്വാസികൾ ആരാധിക്കുന്നത്. വാമനനായും വിശ്വസിക്കുന്നവരുണ്ട്. ഓണനാളുകളിൽ തൃക്കാക്കരയപ്പന്മാരെ പൂവിട്ട് പൂജിച്ചാൽ സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.
വില:
ചെറുതിന് : 30 രൂപ,
ഇടത്തരം: 100 രൂപ
വലുതിന്: 200 രൂപ
പ്രധാന നിർമ്മാണസ്ഥലങ്ങൾ:
മുണ്ടത്തിക്കോട്
പാത്രമംഗലം
മങ്ങാട്
വടക്കാഞ്ചേരി
ചെങ്ങാലൂർ
കൊടകര
ആളൂർ
'' സോയിൽ കാർഡ് ഉള്ള ഒരു തൊഴിലാളി കുടുംബത്തിന് ഒരു വർഷത്തിന് അമ്പത് ടൺ കളിമണ്ണ് ലഭ്യമാക്കാൻ കോർപറേഷൻ നടപടിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ഉടനുണ്ടാകും. മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ സർവേ എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് കോസ്റ്റ്‌ഫോർഡ് ഏറ്റെടുത്തിട്ടുണ്ട്. 2017 ലാണ് തിരുവനന്തപുരം ആസ്ഥാനമായി കോർപറേഷൻ പ്രവർത്തനം തുടങ്ങിയത്. തൃക്കാക്കരയപ്പൻ മാത്രമല്ല, അലങ്കാരവസ്തുക്കളും മറ്റും ആധുനിക സാങ്കേതികവിദ്യയിലൂടെ നിർമ്മിക്കാനുളള പരിശീലനവും തൊഴിലാളികൾക്ക് ലഭ്യമാക്കും. ''
കെ.എൻ. കുട്ടമണി, ചെയർമാൻ
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമവികസന കോർപറേഷൻ..