കൊടുങ്ങല്ലൂർ: നഗരസഭ പതിനാറാം വാർഡിൽ നഗരസഭ വക കിണറിന്റെ സംരക്ഷണം എ.കെ അയ്യപ്പൻ സി.വി സുകുമാരൻ വായനശാല ഏറ്റെടുത്തു. നിരവധി പരിസരവാസികൾ നേരിട്ട് ഉപയോഗിക്കുന്ന ഈ കിണർ പ്രദേശത്തെ പ്രധാനപ്പെട്ട ജലസ്രോതസാണ്.
കിണറിന് സംരക്ഷണമില്ലാത്തതിനാൽ വിവിധ കാരണങ്ങളാൽ ഇതിലെ വെള്ളം ഇടയ്ക്കിടെ മലിനീകരിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ കിണറിന് സംരക്ഷണ കവചം നിർമ്മിച്ചും, കിണറ്റിലെ ജലനിരപ്പ് ഉയർത്തുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി കിണർ റിച്ചാർജിംഗ് സംവിധാനമേർപ്പെടുത്താനും വായനശാല ഭരണ സമിതി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ വിനീത മണിലാൽ, സുമനാരായണൻ എന്നിവർ സംസാരിച്ചു. അഖിൽ തമ്പി, കെ.എ അനൂപ്, കെ.എ രാജൻ, ടി.ഒ ആന്റണി, എ.എം ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രന്ഥശാലാ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 14 വരെ പൂക്കള മത്സരം, അംഗത്വ കാമ്പയിൻ, വരിസംഖ്യ കുടിശ്ശിക തീർക്കൽ, പുഴയറിവ്, അക്ഷര ഭിക്ഷ, സർഗ്ഗോത്സവ വിജയികൾക്ക് അനുമോദനം, ലൈബ്രറി കൗൺസിൽ 75ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള 75 അക്ഷരദീപം തെളിക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.