തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത അറ്റകുറ്റപ്പണിക്കായി രണ്ടരക്കോടി അനുവദിച്ചെങ്കിലും നിർമ്മാണക്കമ്പനി റീ ടാറിംഗ് നടത്തിയില്ലെന്ന് മാത്രമല്ല, ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും ദേശീയപാത അതോറിറ്റിയോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ശക്തം.

കുതിരാൻ ഒഴികെയുള്ള മേഖലകളിലെ കുഴികൾ ക്വാറി വേസ്റ്റ്കൊണ്ടും കോൺക്രീറ്റ് കൊണ്ടും അടച്ചെങ്കിലും ചരക്ക് വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ വീണ്ടും കുഴി രൂപപ്പെടുകയാണ്. മുളയം, മുടിക്കോട്, പീച്ചി റോഡ് ജംഗ്ഷനുകളിലും കുതിരാൻ മേഖലയിലും റീ ടാറിംഗ് നടത്തിയാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. വെളളിയാഴ്ച തുടങ്ങിയ ഗതാഗതക്കുരുക്ക് ഞായറാഴ്ച വരെ നീണ്ടതോടെ, തൃശൂരിലെ ഓണവിപണിയിലേക്കുള്ള ചരക്ക് വരവും തടസപ്പെടുകയാണ്.

ചുവന്നമണ്ണ് മുതൽ കൊമ്പഴ വരെയുള്ള അഞ്ച് കിലോമീറ്റർ മറികടക്കാനാണ് ഏറെ പണി. മൂന്ന് കിലോമീറ്റർ മാത്രമുള്ള കുതിരാൻ മേഖല മറികടക്കാനും ഒരു മണിക്കൂറിലേറെ സമയം വേണം. വഴുക്കുംപാറയിലും കൊമ്പഴയിലും ഒരു വശത്തേക്കുള്ള വാഹനങ്ങൾ പിടിച്ചിട്ട് പൊലീസ് കടത്തിവിടുകയായിരുന്നു. പീച്ചി പൊലീസും ഹൈവേ പൊലീസിനും പിന്നാലെ നാട്ടുകാരും രംഗത്തിറങ്ങിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. സ്വകാര്യബസുകൾ വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ വലക്കുന്നുമുണ്ട്. കുതിരാനിലെ ഗതാഗതക്കുരുക്കിനെതിരെയും റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെയും നേരത്തെ ശക്തമായ സമരത്തിനിറങ്ങിയിട്ടുള്ള രാഷ്ട്രീയ സംഘടനകൾ അനങ്ങിയിട്ടില്ല. ഭരണത്തിലിരിക്കുന്നതിനാൽ ഇടതുപാർട്ടികളും ബി.ജെ.പിയും സമരരംഗത്തില്ല. എം.പിമാരുള്ളതിനാൽ കോൺഗ്രസും സമരത്തിനിറങ്ങിയില്ല.

യാത്ര വഴിമാറി

കുതിരാനിൽ വൻ തിരക്കായതോടെ, പാലക്കാട്ട് നിന്ന് തൃശൂരിലേക്കും തിരിച്ചുമുളള വാഹനങ്ങൾ ഇപ്പോൾ ഏറെയും കടന്നുപോകുന്നത് വടക്കാഞ്ചേരി–ഷൊർണൂർ സംസ്ഥാന പാതയിലൂടെയാണ്. ദൂരം കൂടുതലാണെങ്കിലും സ്വകാര്യ വാഹനങ്ങൾ ഏറെയും ഇതുവഴി കടന്നുപോകുകയാണ്. എന്നാൽ ചരക്കുവാഹനങ്ങൾ കുതിരാൻ വഴിയിലൂടെ മാത്രമാണ് പോകുന്നത്. ചരക്കുവാഹനങ്ങളുടെ എണ്ണക്കൂടുതലാണ് ദേശീയപാതയെ പെട്ടെന്ന് തകർക്കുന്നതിന് പ്രധാനകാരണങ്ങളിലൊന്ന്.

അതേസമയം, മഴ മുഴുവനായി നിന്നാൽ മാത്രമേ ടാറിംഗ് നടത്താനാകൂവെന്ന നിലപാടിലാണ് കരാർ കമ്പനി അധികൃതർ. തിരക്കുള്ള സമയങ്ങളിൽ കുതിരാൻ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ തുറന്നു നൽകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഹൈക്കോടതിയെ സമീപിക്കും

''ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമുണ്ടാക്കാനും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും ഇതേവരെ സർക്കാരും ദേശീയപാത അധികൃതരും ഫലപ്രദമായി ഇടപെടുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.''

-ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി