ചാലക്കുടി: ഓണം എത്തിയതൊന്നും അറിയാതെയല്ല, ആഹ്ലാദാരവങ്ങളെ ശ്രദ്ധിക്കാൻ നേരം ഇല്ലാഞ്ഞിട്ടാണ് ഈ പെരുമഴയത്തുള്ള പെടാപ്പാട്. രണ്ട് ദിവസത്തിനകം 11 ഏക്കർ സ്ഥലത്ത് കൊള്ളി കുത്തിത്തീർക്കണം. ആഘോഷങ്ങൾക്ക് പിന്നെ എവിടെയാണ് സമയം. മേലൂർ പഞ്ചായത്തിന്റെ പ്രിയ കർഷകൻ പെരിങ്ങാത്ര മോഹനന്റേതാണ് ചോദ്യം.
മൂന്നാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കം മൂന്നേക്കർ സ്ഥലത്തെ കൊള്ളിക്കൃഷിയും ആറായിരം നേന്ത്രവാഴകളും വിഴുങ്ങി. എന്നാൽ കാലവർഷത്തിനൊന്നും ഈ അറുപതുകാരനെ തോൽപ്പിക്കാനാകില്ല. ഇക്കുറി 21 ഏക്കർ സ്ഥലത്ത് കൊള്ളിക്കൃഷി നടന്നിരിക്കും. ഇടവിളയായി പത്തേക്കറോളം പയർ നടും. കഴിയാവുന്നത്ര ഇടങ്ങളിൽ വാഴകളും കൃഷി ചെയ്യും.
അടുത്ത കാലവർഷത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള സൂത്രവിദ്യയാണിത്. എത്രയും വേഗം വിളകളെ മണ്ണിലെത്തിക്കുകയെന്ന തത്രപ്പാട്. ഇതിനായി പൂലാനി ചാലിപ്പാടത്ത് ഇതര സംസ്ഥാനക്കാരടക്കം 23 തൊഴിലാളികൾ മോഹനന്റെ കൂടെയുണ്ട്. വെയിലും മഴയുമൊന്നും ഇവരെ ബാധിക്കില്ല. കൂലി കുറഞ്ഞാലും നാട്ടുകാരായ പന്ത്രണ്ട് തൊഴിലാളികളക്കമുള്ളവരുടെ മനം കറക്കാറുമില്ല.
മണ്ണിനെ സ്‌നേഹിക്കുന്ന മോഹനേട്ടനെ ഒരുകൈ സഹായിക്കുക കൂടി ഇവരുടെ ദൗത്യമാണ്. ഒരുമാസം പ്രായമായ മൂന്നേക്കറിലെ കൊള്ളിക്കൃഷിയും മഴവെള്ളത്തിൽ വേരറ്റുപോയി. ഇപ്പോഴത്തെ നഷ്ടം മാത്രം 15 ലക്ഷം രൂപ വരും. കൃഷിയെ നെഞ്ചോടു ചേർക്കുന്ന മോഹനനെ ഉദ്യോഗസ്ഥർക്കും നന്നായി തിരിച്ചറിയാം. അതിനാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അവരുടെ സഹകരണവുമുണ്ട്.
കൃഷിയുടെ ലോകത്ത് ജീവിതം കണ്ടെത്തിയ മോഹനനെ ആവുന്നത്രയും സഹായിക്കും. നെല്ലും ഒട്ടുമിക്ക പച്ചക്കറികളും വർഷങ്ങളോളം പൂലാനിക്കാരുടെ സ്വന്തം മോഹനേട്ടൻ കൃഷി ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറുന്തോട്ടിക്കൃഷിയുമുണ്ട്. നാട്ടുകാർക്കൊക്കെ ഇയാളെ നന്നായറിയാം. അതുകൊണ്ടുതന്നെയാണ് വിത്തും വളവുമെല്ലാം വായ്പയായി നൽകാൻ കടക്കാർ തയ്യാറാകുന്നത്.
- ചില്ലിക്കാടൻ ആനന്ദൻ, സഹപ്രവർത്തകൻ
പാട്ടത്തിനെടുത്ത ഭൂമിയിൽ വിത്തിറക്കാൻ വാങ്ങിക്കൂട്ടിയ വായ്പകൾ ബാങ്കുകളിൽ കുടിശ്ശികയാണ്. എങ്കിലും ഭയമില്ല. കൊണ്ടുപോയതെല്ലാം പ്രകൃതി തിരിച്ചുതരും. ഇതിനുള്ള പടക്കളമാണ് പാടശേഖരങ്ങൾ. കഴിഞ്ഞ പ്രളയത്തിൽ 60 ലക്ഷത്തിന്റെ കൃഷി നശിച്ചിരുന്നു. ആഘാതം മാറുംമുൻപേയായിരുന്നു പ്രകൃതിയുടെ വീണ്ടുമുള്ള പരീക്ഷണം. ഇതും അതിജീവിക്കും.
- പെരിങ്ങാത്ര മോഹനൻ, കർഷകൻ