കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. ഫിഷറീസ് ഹാർബറിലും മിനി ഹാർബറിലും മാറിമാറി നടത്തുന്ന പരിശോധനയ്ക്കും പിഴയടപ്പിക്കലിനും എതിരെ മുനമ്പം എക്സ്പോർട്ട് സീ ഫുഡ് ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തി. പെലാജിക്ക് ട്രോളിംഗ് എന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തെ തുടർന്ന് മത്സ്യലഭ്യത കുറവായ സാഹചര്യത്തിൽ മുനമ്പം ബോട്ട് ഉടമാ സംഘം സെപ്റ്റംബർ ഒന്ന് മുതൽ പെലാജിക് ട്രോളിംഗ് നിറുത്തലാക്കിയിരുന്നു.

വലയിട്ട് മത്സ്യബന്ധനം നടത്തുമ്പോൾ ലഭിക്കുന്ന ആകെയുള്ള മീനിൽ 40 ശതമാനം വരെ ചെറിയ മത്സ്യം പിടിക്കുന്നത് അനുവദനീയമാണ്. പക്ഷേ സിംഗിൾ വലയിട്ട് മീൻ പിടിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് ഫിഷറീസിലെ ചില ഉദ്യോഗസ്ഥർ തുടർന്നു വരുന്നതെന്നാണ് ആക്ഷേപം. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ നിയമപ്രകാരം മത്സ്യബന്ധനം നടത്തുന്നവരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. പല ബോട്ട് ഉടമകളും കടം കൊണ്ട് വലയുന്നവരാണ്. അവരെ ഉദ്യോഗസ്ഥർ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുകയാണ്. മുനമ്പം മേഖലയിൽ പെലാജിക് ട്രോളിംഗ് സ്വമേധയാ നിറുത്തലാക്കിയിട്ടുണ്ട്. വൈപ്പിനിലെ ഫിഷറീസ് ഓഫീസിന്റെ മൂക്കിന് താഴെയുള്ള മുരിക്കുംപാടം, കൊച്ചി ഹാർബറുകളിലും പെലാജിക് ട്രോളിംഗ് ഇന്നും തുടരുകയാണ്.

ബേപ്പൂർ, കൊച്ചി, കൊല്ലം, എന്നിവിടങ്ങളിൽ പരിശോധനയും പിഴയടപ്പിക്കലും ഉണ്ടായതായി റിപ്പോർട്ടുണ്ടായിട്ടില്ല. നിയമം എല്ലായിടത്തും ഒരു പോലെ നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെങ്കിൽ വൻ കലാപത്തിന് വഴിയൊരുക്കുമെന്ന് എക്സ്പോർട്ട് സീ ഫുഡ് ഡീലേഴ്സ് അസോസിയേഷൻ യോഗം മുന്നറിയിപ്പ് നൽകി. സി.പി.എം അഴീക്കോട് ലോക്കൽ സെക്രട്ടറി കൂടിയായ നൗഷാദ് കറുകപ്പാടത്ത് പ്രസിഡന്റായുള്ളതാണ് അസോസിയേഷൻ. നൗഷാദ് കറുകപാടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേവ്യർ താണിപ്പിള്ളി, ദിലീപ്, പി.ജി. സുരേഷ്, സിദ്ധൻ, സുധാസ്‌ തായാട്ട് എന്നിവർ സംസാരിച്ചു