ചേർപ്പ്: ഓണത്തിനായിട്ടുള്ള കുമ്മാട്ടി മുഖങ്ങളുടെ അണിയറ നിർമ്മാണ പ്രവൃത്തികളിലാണ് ചേർപ്പ് സ്വദേശി കിഴക്കൂട്ട് രാമചന്ദ്രൻ. വർഷങ്ങളായി വിവിധ കുമ്മാട്ടി സംഘങ്ങൾക്ക് വേണ്ടി മുഖങ്ങൾ രൂപപ്പെടുത്തുന്ന ഇദ്ദേഹം ഇക്കുറിയും വിവിധങ്ങളായ കുമ്മാട്ടി മുഖങ്ങളുടെ കമനീയ ഭാവങ്ങൾ നിലനിറുത്തുന്ന തിരക്കിലാണ്.

തൃശൂർ കിഴക്കുംപാട്ടുകര, ഊരകം, നെല്ലങ്കര, നെട്ടിശേരി, ഋഷി കുളമുറ്റം തുടങ്ങിയ കുമ്മാട്ടി സംഘങ്ങൾക്ക് വിവിധ രൂപത്തിലുള്ള കുമ്മാട്ടി മുഖങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നിർമ്മിച്ച് നൽകിയിട്ടുണ്ട്. കുമിഴ് മരത്തിലാണ് ഏറെയും കുമ്മാട്ടി മുഖങ്ങൾ നിർമ്മിക്കുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. 33 വർഷത്തോളമായി തൃശൂരിൽ നാലോണ നാളിൽ നടക്കുന്ന പുലിക്കളിയിൽ നായ്ക്കാനാൽ, കുട്ടംകുളങ്ങര, കോട്ടപ്പുറം, വിയ്യൂർ തുടങ്ങിയ വിഭാഗക്കാർക്ക് പുലികൾക്ക് മെയ്യെഴുത്ത് നടത്താറുള്ള രാമചന്ദ്രൻ ചിത്രകലയിലും, സംഗീതത്തിലും ശ്രദ്ധേയനാണ്.

ദാരുശിൽപ്പിയായിരുന്ന കിഴക്കൂട്ട് കുമാരന്റെയും, തങ്കമണിയുടെയും മകനായ രാമചന്ദ്രൻ ചേർപ്പ് ചിറ്റൂർ മന റോഡിലുള്ള വീട്ടിൽ ശില്പം എന്ന പേരിൽ ദാരുശില്പ നിർമാണം നടത്തുന്നുണ്ട്. ഭാര്യ ഷിജി. മക്കളായ ഗോപികയും നന്ദഗോപനും പഠനത്തോടെപ്പം കലാരംഗത്തും പ്രിയങ്കരരാണ്. ചേർപ്പ് റിയൽ നൊസ്റ്റാൾജിയ സംഗീതാസ്വാദക കൂട്ടായ്മ പ്രവർത്തകനായ രാമചന്ദ്രൻ ഗായകനും കൂടിയാണ്. ഓണക്കാലമായൽ കുമ്മാട്ടി മുഖങ്ങളിൽ ഓണ വസന്തവും, മാവേലി നാടിന്റെ ഗതകാല പൈതൃകവും തീർക്കുകയാണ് ഈ യുവ കലാകാരൻ.