കൊടുങ്ങല്ലൂർ: പി. ഭാസ്‌കരൻ ഫൗണ്ടേഷന്റെ യുവപ്രതിഭാ പുരസ്‌കാരം ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി നടി പാർവതി തിരുവോത്തിന് സമ്മാനിച്ചു. 33,333 രൂപയുടെ കാഷ് അവാർഡും, ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. രക്ഷാധികാരി ജോൺ പോൾ ആമുഖപ്രസംഗം നടത്തി. സംവിധായകൻ കമൽ അദ്ധ്യക്ഷത വഹിച്ചു. കീഴാള ജീവിതത്തോടുള്ള സമീപനത്തിൽ പൊളിച്ചെഴുത്ത് നടത്തിയ 'നീലക്കുയിലിലെ നീലിയെ പോലെ, ശക്തമായ, കഥാപാത്രത്തെ അവതരിപ്പിച്ച് വരേണ്യതയെ നിരാകരിച്ച കുമാരിയും പാർവതിയും സിനിമാചരിത്രത്തിലെ വിപ്ലവ ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജോൺ പോൾ പറഞ്ഞു. മിസ് കുമാരി ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക് തോമസ് മിസ് കുമാരിയെ അനുസ്മരിച്ചു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത പാർവതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. ജോൺ പോൾ എഴുതിയ 'ഉത്തരം തേടുന്നവന്റെ അശാന്തി 'പുസ്തകത്തിന്റെ പ്രകാശനം ആർട്ടിസ്റ്റ് നമ്പൂതിരി ക്ഷേമാവതിക്ക് നൽകി നിർവ്വഹിച്ചു. പുരസ്‌കാര ജേതാവ് പാർവതി , സി.സി വിപിൻ ചന്ദ്രൻ, സി.എസ്. തിലകൻ തുടങ്ങിയവർ സംസാരിച്ചു. ബക്കർ മേത്തല, ബേബി റാം, ഇ.ജി സുഗതൻ എന്നിവർ സന്നിഹിതരായി. തുടർന്ന് സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഗാനമേള നടന്നു.