പാവറട്ടി: മുല്ലശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവരൊത്ത് ഓണം ആഘോഷിക്കന്ന 'ഓണച്ചങ്ങാതി 'പരിപാടി ജനശ്രദ്ധ പിടിച്ചുപറ്റി. അദ്ധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ജനപ്രതിനിധികളും ബി.ആർ.സി അംഗങ്ങളും ഒത്തുചേർപ്പോൾ ഒരുത്സവമായി.

പാടൂർ വാണി വിലാസം യു.പി സ്‌കൂളിലെ വിദ്യാർത്ഥിനി നിവേദ്യ സുനിലിന്റെ വീട്ടിലെത്തി ഓണക്കിറ്റ് വിതരണം ചെയ്തു. ഓണച്ചങ്ങാതി പരിപാടി വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പൂക്കളമിടൽ, പുലിക്കളി, ഓണപ്പാട്ട് എന്നിവ അവരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ, സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭന മുരളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അഷറഫ് തങ്ങൾ, പ്രധാന അദ്ധ്യാപിക റീന, ക്ലാസ് ടീച്ചർ കൊച്ചുത്രേസ്യ, ബി.ആർ.സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.