ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ പ്രസിഡന്റ് പുന്ന അറക്കൽ ജലാലുദ്ദീനെയാണ് (കാരി ഷാജി 49 ) അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ പോയ പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനായ ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് സ്വദേശി തൈപ്പറമ്പിൽ മുബിൻ (26), പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37 ), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ സ്വദേശി കരിപ്പയിൽ ഫാമിസ് അബൂബക്കർ (43 ), ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ ഫൈസൽ (37 ) എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസൻ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂലായ് 30ന് വൈകീട്ട് ആറരയോടെയാണ് പതിനഞ്ചംഗ കൊലയാളി സംഘം മുഖം മൂടി അണിഞ്ഞ് ഏഴ് ബൈക്കുകളിലെത്തി ചാവക്കാട് പുന്ന സെന്ററിൽ നൗഷാദ് അടക്കം നാലുപേരെ വെട്ടി പരിക്കേൽപ്പിച്ചത്.