തൃശൂർ: മുൻ എം.പിയും സി.പി.എം നേതാവുമായ ഡോ. പി.കെ ബിജുവിന്റെ അടച്ചിട്ട വീട്ടിൽ മോഷണ ശ്രമം. മുളങ്കുന്നത്തുകാവ് കിലക്കു സമീപം ഹരിത നഗർ കോളനിയിലെ വീട്ടിലാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പ്രധാന വാതിലും വീടിനുള്ളിലെ മുഴുവൻ വാതിലുകളും പൂട്ടും തകർത്തിട്ടുണ്ട്. നഷ്ടപ്പെട്ടതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അറിവായിട്ടില്ല. ബിജുവും കുടുംബവും ഡൽഹിയിലാണ്. ആഗസ്റ്റ് 28നാണ് ബിജു ഡൽഹിയിൽ പോയത്.
അമ്മ ഭവാനി കോട്ടയത്ത് ബന്ധുവിന്റെ വിവാഹത്തിന് പോയിരിക്കുകയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിനോദും ഭാര്യ പ്രിയയും ഇവിടെയെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുറികളിലെ മുഴുവൻ വാതിലുകളും തകർത്ത് സാധന സാമഗ്രികളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. മെഡിക്കൽ കോളേജ് പൊലിസ് എസ്.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു. മന്ത്രി എ.സി മൊയ്തീൻ ബിജുവിന്റെ വീട്ടിലെത്തി.