crime

തൃശൂർ: മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരിൽ വ്യാജപരാതി നൽകിയ ഭർത്തൃ പിതാവിനോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി ഉത്തരവിട്ടു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബ കോടതി ജഡ്ജി സി.കെ. ബൈജുവിന്റെ ഉത്തരവ്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭർത്തൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാൻ യുവതിയെ മാനസികരോഗിയാക്കാനും ശ്രമം നടന്നു.


യുവതിയെ പിതാവ് ചെറുപ്പത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭർത്തൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പിക്ക് പരാതി നൽകുകയും വിവാഹബന്ധമൊഴിയാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിതാവിനെയും മാതാവിനെയും കേസിൽപെടുത്തി ജയിലിൽ അടയ്ക്കുമെന്ന ഭീഷണിയെത്തുടർന്ന് വിവാഹബന്ധം വേർപ്പെടുത്താൻ യുവതി സന്നദ്ധത അറിയിച്ചു. ഇക്കാലത്ത് വിദേശത്തായിരുന്ന ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകാൻ ഭർത്തൃവീട്ടുകാർ തയ്യാറായില്ല.

ഇത് നൽകിയതായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. തുടർന്നാണ് യുവതി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തത്.
വിചാരണയ്ക്കിടയിൽ ഭർത്തൃപിതാവ് കുന്നംകുളം കോടതിയിലും പീഡനപരാതി നൽകുകയും കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൽ ഭർത്തൃപിതാവ് നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്നാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടത്. ഇതോടൊപ്പം യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നൽകാനും ഉത്തരവുണ്ട്.