തൃപ്രയാർ: തൃപ്രയാർ ജലോത്സവം തിരുവോണ ദിവസമായ നാളെ. ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻവശം കനോലികനാലിൽ 15 ലേറെ ചുരുളൻ വള്ളങ്ങളാണ് പങ്കെടുക്കുക. എ.ബി ഗ്രേഡുകളിലായാണ് മത്സരം. ഉച്ചയ്ക്ക് 2ന് മന്ത്രി എ.സി. മൊയ്തീൻ മത്സരം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് വള്ളംകളി നടന്നിരുന്നില്ല.
വള്ളം കളി കാണാൻ കനാലിന്റെ ഇരുകരകളിലും പതിനായിരങ്ങളാണ് തടിച്ചുകൂടുക. തൃപ്രയാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ആതിഥേയത്വം. ഗീതഗോപി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അഡ്വ എ.യു. രഘുരാമപ്പണിക്കർ, ഡോ. വിഷ്ണുഭാരതീയ സ്വാമി തുടങ്ങി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാണികളും തുഴക്കാരുമുൾപ്പെടെ ജലോത്സവം പൂർണ്ണമായി ഇൻഷൂർ ചെയ്തിട്ടുണ്ട്. ചെയർമാൻ കെ.വി പീതാംബരൻ, ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ട്രഷറർ പി.സി ശ്രീദേവി, ബെന്നി തട്ടിൽ, എം.വി പവനൻ, പി.സി ശശിധരൻ, നന്മ ചന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.