thurankam
കരിയന്നൂരിൽ റോഡരുകിൽ രൂപപ്പെട്ട തുരങ്കം

എരുമപ്പെട്ടി: എരുമപ്പെട്ടി, കരിയന്നൂർ പ്രദേശങ്ങളിൽ റോഡിനടിയിൽ തുരങ്കം പോലെ കുഴി രൂപപ്പെട്ടത് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപവും കരിയന്നൂർ ബസ് സ്റ്റോപ്പിന് സമീപവുമാണ് റോഡിനടിവശം ഇടിഞ്ഞ് കുഴിയുണ്ടായിരിക്കുന്നത്.

നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ നീളത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴി അപകട സാദ്ധ്യത ഉയർത്തുന്നു. റോഡിനരികിൽ നിന്ന് തുടങ്ങുന്ന കുഴി ഒരു ചെറിയ തുരങ്കം പോലെ റോഡിനടിയിലൂടെ മറുവശത്തേക്ക് പോകുന്നുണ്ട്. ഐഡിയ നെറ്റ് വർക്കിന്റെ ഫൈബർ കേബിൾ റോഡിന് മറുവശത്തേക്ക് എത്തിക്കാൻ റോഡിനടിവശം തുരന്നിരുന്നു. ഇതാണ് റോഡിനടി വശം ഇടിഞ്ഞ് തുരങ്കം രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്.

പൈപ്പിട്ട് കോൺക്രീറ്റ് ചെയ്ത് ഉറപ്പു വരുത്താതെ തീർത്തും അശാസ്ത്രീയമായാണ് റോഡിനടിവശം തുരന്ന് കേബിൾ സ്ഥാപിച്ചിട്ടുള്ളത്. മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിഞ്ഞ് റോഡ് തകർന്ന് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.