പഴുവിൽ: പഴുവം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ധ്വജനിർമ്മാണത്തിനുള്ള തേക്ക്മരം ഘോഷയാത്രയോടെ ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭൂമിയിൽ സ്പർശിക്കാതെയാണ് തേക്ക് മരം മുറിച്ചെടുത്ത് അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് ക്ഷേത്ര ഉപദേശകസമിതി കുറുവിലങ്ങാട് ഇലയ്ക്കാട്ടെ കല്ലോലിൽ കെ.എസ്. രാജീവിന്റെ പുരയിടത്തിൽ നിന്ന് ധ്വജ നിർമ്മാണത്തിനായി തേക്ക് കണ്ടെത്തിയത്. 54 അടി ഉയരവും 72 ഇഞ്ച് വണ്ണവുമുണ്ട് തേക്കിന്. രണ്ട് ക്രെയിൻ, മണ്ണ് മാന്തിയന്ത്രം, പത്ത് തൊഴിലാളികൾ എന്നിവരുടെ ഒരു ദിവസത്തെ പ്രയത്നത്തിലാണ് തേക്ക്മരം നിലം തൊടാതെ വാഹനത്തിലേക്ക് മാറ്റിയത്. പഴുവിൽ സെന്ററിൽ നിന്ന് വാദ്യഘോഷങ്ങളുടേയും നാമജപത്തിന്റേയും അകമ്പടിയോടെ മരം ക്ഷേത്രത്തിലെത്തിച്ചു. തടി മിനുക്കി എണ്ണതോണിയിൽ നിക്ഷേപിച്ചു. ഒരു വർഷത്തിന് ശേഷമാണ് ഈ മരം ഉപയോഗിച്ച് ധ്വജം നിർമ്മിക്കുക. ധ്വജ നിർമ്മാണത്തിന് നേതൃത്വം നൽക്കുന്ന ഇളവള്ളി ബാലകൃഷ്ണൻ ആചാരി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അഡ്വ. കെ.വി. സുബ്രഹ്മണ്യൻ, സെക്രട്ടറി എം.എൽ. രാജീവ് എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.