veedu
പ്രിയക്ക് പാലാഴി സുഭാഷ് പ്രവർത്തകർ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി.എസ്. സുനിൽകുമാർ കൈമാറുന്നു.

കാഞ്ഞാണി: ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ട് മക്കളോടൊപ്പം വാടക വീട്ടിൽ കഴിഞ്ഞിരുന്ന പ്രിയക്ക് ഓണ സമ്മാനമായി പാലാഴി സുഭാഷ് ക്ലബ് പ്രവർത്തകർ നിർമിച്ച വീട് കൈമാറി. ചുള്ളിപറമ്പിൽ രാജീവ് സൗജന്യമായി നൽകിയ 3.5 സെന്റ് സ്ഥലത്താണ് 550 ചതുരശ്ര അടിയിൽ വീട് നിർമിച്ചത്. 5.5 ലക്ഷം രൂപ നിർമാണത്തിന് ചെലവായി.

ടെയിൽസ് വിരിക്കൽ, വൈദ്യുതികരണം, പൈപ്പ് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ ക്ലബിലെ അംഗങ്ങൾ പ്രതിഫലം പറ്റാതെയാണ് നടത്തിയത്. ഇനി കണ്ണംപറമ്പിൽ പരേതനായ സലീഷിന്റെ ഭാര്യ പ്രിയക്കും രണ്ട് കുട്ടികൾക്കും സുരക്ഷിതമായി ഈ വീട്ടിൽ അന്തിയുറങ്ങാം. ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.കെ. സദാനന്ദൻ, ജിഷ സുരേഷ്, സിന്ധു ശിവദാസ്, പി.ബി. ജോഷി, പ്രസിഡന്റ് വിമൽ മേനോത്ത് പറമ്പിൽ, സെക്രട്ടറി കെ.എം. സിമോഷ് എന്നിവർ പ്രസംഗിച്ചു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ 600 ലേറെ പേർക്കുള്ള ഓണക്കിറ്റും പാലാഴി ഗ്രാമത്തിലുള്ളവർക്ക് ചടങ്ങിൽ വിതരണം ചെയ്തു.