ചാലക്കുടി: ഓണനാളുകളിൽ ചാലക്കുടിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾക്ക് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. അടിപ്പാത നിർമ്മാണം നടക്കുന്നയിടം ഉൾപ്പെടെ താറുമാറായ ദേശീയ പാതയും അനുബന്ധ റോഡും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് തീരുമാനമായി. ഇതുസംബന്ധിച്ച് ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
മറ്റു റോഡുകളിലെ വലിയ ഗർത്തങ്ങളും അടയ്ക്കും. കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ മാർക്കറ്റ് റോഡിൽ നിലവിലുള്ള വൺവേ സമ്പ്രദായം കർശനമാക്കാനും തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി റോഡ് പഴയ ദേശീയ പാത എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടികൾക്ക് പൊലീസിനും നിർദ്ദേശം നൽകി.
എല്ലാ പ്രധാന ജംഗ്ഷനുകളിലും പൊലീസ് സേവനം ഉറപ്പുവരുത്തും. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, എസ്.ഐ: ഷാജൻ, വില്ലേജ് ഓഫീസർ സി.എ. ഷൈജു, ജോയിന്റ് ആർ.ടി.ഒ: സി.എ. ഷൈജു എന്നിവരും പൊതുമരാമത്ത്, ദേശീയപാതാ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.