പട്ടിക്കാട്: സ്വകാര്യ വാഹനങ്ങൾ കുതിരാൻ ഒഴിവാക്കിയതോടെ കുതിരാനിലെ യാത്രാക്കുരുക്കിന് ആശ്വാസമാകുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ചരക്ക് വാഹനങ്ങളും ബസുകളും മാത്രം വന്നതോടെ വലിയ കുരുക്ക് ഒഴിവായി. കൂടാതെ വലിയ കുഴികളെല്ലാം ക്വാറി വേസ്റ്റ് ഇട്ട് നികത്തിയതും ആശ്വാസമാകുന്നുണ്ട്.
അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുതിരാനിലെ കുരുക്ക് വാർത്തയായതോടെ ഓണാവധിക്ക് നാട്ടിലേക്ക് തിരിച്ച സ്വകാര്യ വാഹനങ്ങൾ കുതിരാൻ പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് പോകുന്നത്. ഇത് ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകുന്നുണ്ട്. കൂടാതെ പൊലീസ്, വാഹനങ്ങൾ തിരിച്ചുവിടുന്നതും കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്നു. ഓണത്തിന് മുമ്പ് കുതിരാൻ തുരങ്കം തുറക്കാൻ സാധിക്കുമെന്ന വാഗ്‌ദാനങ്ങളെല്ലാം പാഴ് വാക്കായി. ഇനിയും തുരങ്ക പാത എന്ന് തുറക്കാൻ പറ്റും എന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.