 
കയ്പ്പമംഗലം: തനിച്ച് താമസിക്കുന്ന വയോധികയുടെ വീടുപണി പൂർത്തീകരിച്ച് ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റി ട്രസ്റ്റ്. വഴിയമ്പലം അയിരൂർ വടക്ക് തേപ്പറമ്പിൽ ജാനകിയമ്മയുടെ വീടിന്റെ പണിയാണ് പൂർത്തീകരിച്ചത്. നേരത്തെ കയ്പ്പമംഗലം അനശ്വര ക്ലബ് പ്രവർത്തകർക്ക് പണി പൂർത്തീകരിക്കാനാകാതെ വന്നപ്പോൾ വീട് ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.
മേൽക്കൂര, തറ അടക്കം ഒന്നര ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. അംഗങ്ങളിൽ നിന്നും തന്നെ തുക സ്വരൂപിച്ചു. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. കെ.യു സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ ഹരീഷ് കുമാറിനെയും അനശ്വര ക്ലബ്ബ് പ്രവർത്തകരെയും ആദരിച്ചു. റാഫി പള്ളിപറമ്പിൽ, പി.എം. നൗഷാദ്, ഇ.കെ. ദാസൻ, പി.എം. റഷീദ്, സിന്ധു സുധീർ തുടങ്ങിയവർ സംസാരിച്ചു.