ഇടവപ്പാതിയും കർക്കടകത്തിന്റെ കോരിച്ചൊരിച്ചിലും കഴിഞ്ഞാൽ ചിങ്ങവെയിലിന്റെ പാൽപുഞ്ചിരിയാകും. അത്തം ചിലപ്പോൾ കറുക്കും, ഓണം വെളുക്കും. അല്ലെങ്കിൽ തിരിച്ചും.
ഓണപ്പരീക്ഷ കഴിഞ്ഞ് പൂക്കൾ ചാഞ്ഞുകിടക്കുന്ന ഇടവഴിയിലൂടെഓടിവരുമ്പോഴേയ്ക്കും മനസിൽ ഓണം പൂക്കളമിടാൻ തുടങ്ങിയിട്ടുണ്ടാകും. മുക്കൂറ്റിയും തുമ്പയും പൂത്തുലഞ്ഞ തൊടിയിലാകും മനസു നിറയെ. കാക്കപ്പൂവും കൊങ്ങിണിപ്പൂവും ചിരിയ്ക്കുന്നുണ്ടാകും. ചെറുപുഞ്ചിരി വിടർത്തി ഓണം കൊണ്ടുവരുന്നത് ആ കുഞ്ഞുപൂക്കളാണ്, ഓരോ മുത്തശ്ശിത്തുമ്പകളുമാണ്. ഓണം കൊണ്ടാടാൻ, പൂക്കളിറുക്കാൻ കാടായ കാട്ടിലും നാടായ നാട്ടിലും എല്ലാവരും ഒന്നിച്ചു നടന്നകാലം. പുലർവേളകളിലെ പുല്ലിൻതുമ്പുകളിൽ തണ്ണീർക്കുടങ്ങളുണ്ടാകും. അതൊന്ന് കണ്ണിലെഴുതുമ്പോൾ എന്തൊരു കുളിര്? പിന്നെ, പൂക്കളുടെ നിറങ്ങൾക്ക് വീണ്ടും മിഴിവ് കൂടുന്നതുപോലെ തോന്നും.
പൂവായ പൂവെല്ലാം പൂക്കുന്ന വസന്തം കണ്ട് കൺകുളിർക്കുമ്പോഴാകും പാഠപുസ്തകങ്ങളിൽ പഠിച്ച വരികൾ മനസിൽ ഒരു പൂക്കളം തീർക്കുന്നത്.
'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം'
ഓണം എക്കാലവും എല്ലാവരുടേതുമായിരുന്നു. ക്രൈസ്തവനും മുസൽമാനും ഹൈന്ദവനും സ്‌നേഹവും സാഹോദര്യവും കൈമാറും. ജീവിതം കൊണ്ട് സമ്പാദിച്ചത് ആ നാളിലാണ് അവർ പങ്കിടുന്നത്. എല്ലാവർക്കും സദ്യ. ഓണക്കോടി. ഉളളത് ഇല്ലാത്തവന് കൊടുക്കുന്ന വേള. അങ്ങനെയാരു കൊടുക്കൽ വാങ്ങൽ സംസ്‌കാരം ഓണം സമ്മാനിച്ചതായിരുന്നു. നമുക്ക് ഉളളത് മറ്റുളളവർക്ക് കൊടുത്താലേ നിലനിൽക്കൂവെന്ന വിശ്വാസവും ഈ മഹോത്സവത്തിന്റേതാകുന്നു. ഓണസദ്യ പോലെ മറ്റൊരു സദ്യയില്ല. തൂശനിലയിൽ തുമ്പപ്പൂ ചോറ്. പിന്നെ, പപ്പടവും കായവറുത്തതും ശർക്കര ഉപ്പേരിയും. ചക്കരക്കുടം പോലെ വലിയ ചരുവത്തിൽ പഴം നുറുക്ക്. നന്നായി പഴുത്ത പഴങ്ങൾകൊണ്ട് പഴപ്പുളിശ്ശേരി. മുക്കുറ്റിയും തെച്ചിയും തുമ്പയും കൃഷ്ണകിരീടവും ചൂടി, ആർപ്പോ വിളികൾക്കു നടുവിൽ നിറഞ്ഞുനിൽക്കുന്ന തൃക്കാക്കരയപ്പൻ. നഷ്ടപ്പെട്ട ആ ഓണത്തിന്റെ, പോയകാലത്തിന്റെ പെരുമ പറഞ്ഞ് ഇക്കാലത്തെക്കുറിച്ച് പരിതപിക്കുന്നുണ്ടിപ്പോൾ നമ്മൾ. കുട്ടികൾക്ക് പൂക്കൾ വേണ്ട, അവർക്ക് കാണാൻ തുമ്പക്കുടങ്ങളില്ല. ഓണസദ്യക്ക് പഴയ രുചിയില്ല, പഴംനുറുക്കിന് മധുരമില്ല....
'എന്തോ, നമ്മള്‍ ആകെ മാറിയിരിയ്ക്കുന്നു. മനുഷ്യന്റെ കഥകള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത, ഭാവനാസങ്കല്‍പ്പകഥകളോട് കാതുകൂര്‍പ്പിക്കാത്ത കുഞ്ഞുങ്ങള്‍. മണ്ണിനോടും ചെടികളോടും പുഴകളോടും നന്ദിയില്ലാത്ത മനുഷ്യര്‍. സ്വാര്‍ത്ഥത മൂത്ത്...' അങ്ങനെ പോകുന്നു പരിദേവനങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒാണസദ്യയൊരുക്കാന്‍ എല്ലാവർക്കും കഴിയുന്നുണ്ടോ? പൂ പൊട്ടിയ്ക്കാന്‍ അവരുടെ കൂടെ കൂടാന്‍ നേരമുണ്ടോ? ഒാണപ്പാട്ടു കളിക്കാൻ, കഥകൾ പറയാൻ... ഒന്നും നേരമില്ലല്ലോ?
സാമ്പാറും ഓലനും പുളിശ്ശേരിയും പഴംനുറുക്കും റെഡിമെയ്ഡ് കുപ്പായം പോലെ മുന്നിലെത്തുകയല്ലേ? പിന്നെ മൊബൈൽ എന്നൊരു യന്ത്രത്തിൽ എന്താണില്ലാത്തത്? അങ്ങനെ കുറേ മറുചോദ്യങ്ങളും. പുതിയകാലത്തെ മനുഷ്യര്‍ ഓണം എങ്ങനെയോ അനുഭവിയ്ക്കുന്നു. അപ്പോഴും മനസില്‍ ഓണത്തിന്റെ കുളിര് മോഹിക്കുന്നുണ്ട്. പൂക്കൂട തേടുന്ന തുമ്പക്കുടം പോലെ! അതുകൊണ്ടാണ് എത്രയൊക്കെ കഷ്ടപ്പെട്ടായാലും നമ്മള്‍ തൂശനിലയില്‍ ഓണസദ്യ തയ്യാറാക്കുന്നത്. കെട്ടുകാഴ്ചയാണെങ്കിലും ചിലതെല്ലാം ഒരുക്കുന്നത്. പൂക്കളമത്സരവും തിരുവാതിരക്കളിയുമെല്ലാം നടത്തിപ്പോരുന്നു.
സ്ത്രീകള്‍ ഒന്നിച്ചു കൂടി കളിയ്ക്കുമ്പോഴുളള നിര്‍വൃതിയാണ് തിരുവാതിരയുടെ സവിശേഷതയെന്ന് നമ്മള്‍ മറന്നിട്ടില്ല. ഓണംനാളില്‍ സ്ത്രീകളെ അരങ്ങത്തെത്തിച്ചിരുന്ന ഒരേയൊരു കലാപ്രകടനം പണ്ടൊക്കെ അതു മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്നു. മത്സരിയ്ക്കാനുളള ഇനമായി തിരുവാതിര വന്നതോടെ കളിയുടെ സ്വഭാവത്തിലും മാറ്റം വന്നെങ്കിലും, തിരുവാതിര കളിയ്ക്കാന്‍ ക്‌ളബുകളുംസംഘടനകളും മുന്നിലുണ്ടല്ലോ.
ഓണം നല്‍കിയ ഓര്‍മ്മകള്‍ക്ക് മേല്‍ കഷ്ടപ്പാടിന്റെ വടുക്കളുണ്ടെങ്കിലും അതിലൊരു സുഖം ശേഷിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രളയശേഷം, ഈയാണ്ടിലെ വെളളപ്പൊക്കം കഴിഞ്ഞ് പ്രതീക്ഷയുടെ ചിങ്ങവെയില്‍ മിന്നിച്ചു. അത്ര മിഴിവില്ലെങ്കിലും നേരിയ ഓണനിലാവുണ്ട്. ചന്നംപിന്നം മഴയുണ്ട്.
കാലം എത്രയൊക്കെ ഫാസ്റ്റായാലും, ഓണമെത്ര മോഡേണായാലും മണ്ണിനേയും പുഴയേയും ആർത്തിയോടെ കാര്‍ന്ന് തിന്നിട്ടും മഴയും വെയിലും നിലാവും ചേർന്ന് പൂക്കാലം കൊണ്ടുവരുന്നുണ്ട്. നമ്മള്‍ ഭാഗ്യവാന്‍മാര്‍!
'
നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി'
ഓണമുറ്റത്തേയ്ക്ക് കവി മാടിവിളിയ്ക്കുന്നു. കണ്‍കണ്ട ദൈവമായി പ്രകൃതിയെന്ന അമ്മയുണ്ട്, മുത്തശ്ശിയുണ്ട്. അവരെ ചേര്‍ത്തുപിടിച്ച് പറയാം...
'പോവല്ലേ, പോവല്ലേ, പൊന്നോണമേ!'
....................................................................