cpm
പാർട്ടി ഓഫീസിനു മുകളിലെ കൃഷിയിടത്തിൽ നിന്ന് വിളവെടുക്കുന്ന എൻ.ജി. രോഹിദാക്ഷനും എൻ.വി. നിഷിൽകുമാറും

മാള: കാർഷിക വൃത്തി വെറുതെ പ്രസംഗത്തിലൊതുക്കി കാലം കഴിയ്ക്കാൻ മാളയിലെ ഈ സഖാക്കൾക്കാവില്ല. പാർട്ടി ഓഫീസ് തന്നെ കൃഷിക്ക് ഉപയോഗിച്ചാണ് ഇവർ വേറിട്ട മാതൃകതീർത്തിരിക്കുന്നത്. സി.പി.എം മാള ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പച്ചവിരിച്ച കൃഷിയിടമുള്ളത്. പാർട്ടി മാള ലോക്കൽ കമ്മിറ്റി അംഗവും ഓഫീസ് ചുമതലയുമുള്ള എൻ.ജി. രോഹിദാക്ഷനും പാർട്ടി അംഗമായ എൻ.വി. നിഷിൽകുമാറുമാണ് കാർഷിക മേഖലയിൽ വ്യത്യസ്ത മാതൃക സൃഷ്ടിച്ചിരിക്കുന്നത്.

മാള ടൗണിലുള്ള പാർട്ടി ഓഫീസിന്റെ രണ്ടാം നിലയിലേക്ക് ഇവർ തന്നെ മണ്ണും വളവും കയറ്റി ഗ്രോബാഗിലാണ് കൃഷി ചെയ്തിരിക്കുന്നത്. ആയിരം ചതുശ്ര അടിയിലധികം വിസ്തൃതിയുണ്ടിതിന്. പരമ്പരാഗതമായി സ്വന്തം സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഇരുവരും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിലാണ് ഓഫീസിനു മുകളിൽ വിളനിലമൊരുക്കിയത്. ഈ വേറിട്ട അനുഭവത്തിലൂടെ ഉണ്ടായ സംതൃപ്തിയിൽ അടുത്ത വർഷം കൂടുതൽ വ്യാപകമാക്കുമെന്ന് ഇരുവരും പറഞ്ഞു.

പയർ, പാവയ്ക്ക, പടവലം, വെണ്ട, കുക്കുമ്മർ, മത്തൻ, കുമ്പളം, തക്കാളി, പീച്ചിങ്ങ, ചീര, മുളക് തുടങ്ങിയ നിരവധി ഇനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. പൂർണമായി ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയിൽ നിന്നുള്ള പച്ചക്കറി സ്വന്തം ഉപയോഗത്തിനാണ് എടുക്കുന്നത്. അടുത്ത വർഷം മുതൽ വ്യാപാര താൽപര്യത്തോടെ വ്യാപകമായി കൃഷി ചെയ്യാനാണ് പദ്ധതി.

മാളയിലെ വർക്ക് ഷോപ്പ് നടത്തിപ്പുകാരായ ഇരുവരും ചേർന്ന് ഒരു നേരമ്പോക്കിന് വേണ്ടിയാണ് പാർട്ടി ഓഫീസിന് മുകളിൽ കൃഷിത്തോട്ടം ഒരുക്കിയത്. ഓഫീസിൽ സ്ഥിരം വരുന്നവരും പരിസരവാസികളും ചുവന്ന പാർട്ടി ഓഫീസിന് മുകളിൽ പച്ചപ്പ് ഉയർന്നപ്പോഴാണ് കൃഷിയിടത്തെ പറ്റി അറിഞ്ഞത്. പാർട്ടി കാര്യങ്ങളിൽ മാത്രമല്ല കാർഷിക മേഖലയിൽ കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ് മാളയിലെ ഈ സഖാക്കൾ .