ഉത്രാട ദിനത്തിൽ വൈകിയും വെണ്ടക്കായ വിളവെടുക്കുന്ന കെ.എസ്. സിനോജ്
മാള: ഈ ഓണം വെണ്ടയിൽ പിടിച്ച് കയറിയിറങ്ങി മാളയിലെ കർഷകർ ഉത്രാടപ്പാച്ചിൽ നടത്തി. കഴിഞ്ഞ വർഷം ഓണത്തെ പ്രളയം അപഹരിച്ചപ്പോൾ ഇത്തവണ മഴക്കെടുതിയിൽ തകർന്നു. മാളയിൽ മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എസ്. സിനോജ്, രഞ്ജിത്ത് ചിറ്റേത്ത്, പി.എസ്. ശ്രീജിത്ത്, രജീഷ് എന്നിവരാണ് നഷ്ടത്തിന്റെ കണക്കുകൾ നിരത്തി ഓണത്തെ വരവേൽക്കുന്നത്.
വെണ്ട ഒഴികെയുള്ള എല്ലാ വിളകളും ഇത്തവണ വെള്ളത്തിലായി. മഴക്കാലത്തെ ഏറെക്കുറെ ചെറുത്തുനിന്ന വെണ്ട മാത്രമാണ് സിനോജിനും ശ്രീജിത്തിനും രജീഷിനും വിളവെടുക്കാനായത്. രഞ്ജിത്തിന് പാവയ്ക്ക കൃഷി പകുതിയോളം നശിച്ച അവസ്ഥയിലാണ്. പാവയ്ക്ക കൃഷിയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്ന് വീണിരുന്നു. സിനോജ് സംഘം ഒരുമിച്ച് നടത്തിയ പയർ, തക്കാളി, മുളക്, വഴുതന, മത്തൻ, ഏത്തവാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്. എന്നാൽ വെണ്ട വിളവ് കുറഞ്ഞെങ്കിലും അതിജീവിച്ച അവസ്ഥയിൽ ഓണത്തിന് ആശ്വാസമായി. കഴിഞ്ഞ രണ്ട് വർഷമായി കാർഷിക മേഖലയിൽ ഉണ്ടായ തിരിച്ചടി വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.എസ്. സിനോജ് പറഞ്ഞു. വെണ്ടയ്ക്ക് വില വർദ്ധിച്ചതാണ് ഈ ഓണത്തിന് ഏക ആശ്വാസം. അതുകൊണ്ടുതന്നെ ഉത്രാട ദിനത്തിലെ അവസാന സമയത്തും ഈ കർഷകർ കൃഷിയിടത്തിൽ വിളവെടുപ്പിലാണ്.