തൃശൂർ: ആദിവാസി മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് അമ്പലവയലിൽ കാർഷിക കോളേജ് പ്രവർത്തനം ആരംഭിക്കുന്നു. കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക ഗവേഷണ കേന്ദ്രത്തെയാണ് കാർഷിക കോളേജായി ഉയർത്തുന്നത്.

കോളേജിന്റെ ഉദ്ഘാടനം 16ന് വൈകിട്ട് മൂന്നിന് മന്ത്രി തോമസ് ഐസക് നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും. ചീഫ് വിപ്പ് കെ. രാജൻ, ലോക്‌സഭാംഗം രാഹുൽ ഗാന്ധി, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു തുടങ്ങിയവർ പങ്കെടുക്കും. കേരള കാർഷിക സർവകലാശാലയുടെ നാലാമത്തെ കാർഷിക കലാലയമാണ് അമ്പലവയലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യവർഷം 60 സീറ്റുണ്ടാകും. കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിലുണ്ട്.

ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 1972ൽ നൂറ് സീറ്റുമായി തുടങ്ങിയ കാർഷിക സർവകലാശാലയിൽ ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 659 സീറ്റായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 1012 വിദ്യാർത്ഥികൾ വിവിധ തലങ്ങളിൽ പഠനം നടത്തുന്നുണ്ട്. കാർഷിക സർവകലാശാലയുടെ അഞ്ചാമത്തെ കാർഷിക കോളേജ് പാലക്കാട് ജില്ലയിലെ നെൻമാറ നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം കുമരകത്തും കാർഷിക കോളേജ് ആരംഭിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. സ്വകാര്യ, സ്വാശ്രയ മേഖലകളിൽ കാർഷിക കോളേജുകൾ ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്നുള്ളതും അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് കെ. രാജൻ, വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.