പീച്ചി: പീച്ചി ഡാമിലെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികൾക്ക് ഇന്ന് തുടക്കമാകുമെന്ന് ചീഫ് വിപ് കെ. രാജൻ എം. എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പീച്ചി ഡി.എം.സി, പാണഞ്ചേരി പഞ്ചായത്ത്, തൃശൂർ ഡി.ടി.പി.സി സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. 8 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്റെ സ്വിച്ച് ഓൺ കർമം കെ. രാജൻ എം.എൽ.എ നിർവഹിച്ചു. സെപ്തംബർ 15 വരെ വിവിധ കലാപരിപാടികൾ നടക്കും. 11ന് വൈകീട്ട് ജയരാജ് വാര്യർ നയിക്കുന്ന ഹാസ്യപരിപാടിയും 12ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നയിക്കുന്ന കർഷക സംവാദവും നടക്കും. തുടർന്ന് 4ന് നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായിരിക്കും. 13ന് വടംവലി മത്സരവും നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കുമാരി അനിത, ഡി.ടി.പി.സി സെക്രട്ടറി ഡോ. എ. കവിത എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.