ചാലക്കുടി: വീണ്ടുമൊരു പൊന്നോണം കൂടി വന്നെത്തി. പ്രളയത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ ആഹ്ലാദത്തിന്റെ പൂക്കാലം. ഇക്കുറിയും കനത്ത മഴ വിതച്ച ഭീതിയും താണ്ടിയാണ് ചാലക്കുടി ഓണത്തിന്റെ പൂക്കളങ്ങൾ തീർത്തത്. കൂടിയും കുറഞ്ഞും നിന്നെങ്കിലും അവസാനം കച്ചവടങ്ങൾ തകൃതിയായി. ഇടവിട്ട് ശല്യത്തിനെത്തിയ മഴയെ വകഞ്ഞുമാറ്റി ജനങ്ങൾ നഗരത്തിലേക്കിറങ്ങിയപ്പോൾ ഓണത്തിന്റെ ഗതകാല സ്മരണകൾ വീണ്ടും തിരിച്ചുവരുകയായിരുന്നു.

പൊന്നോണ ദിനത്തിൽ പുത്തനുടുപ്പുമണിഞ്ഞ് ക്ഷേത്ര ദർശനം നടത്താൻ നാടും നഗരവും തയ്യാറെടുത്തു. ഉച്ചക്കുള്ള വിഭവ സമൃദ്ധമായ സദ്യയ്ക്കും ഒരുക്കങ്ങളായി. പലയിടങ്ങളിലും വിവിധ ആഘോഷങ്ങൾ നടക്കുന്നുണ്ടെങ്കിലും മിക്കവയും ലളിതമാണ്. ഏറ്റവും പ്രമാദമായ ഓണക്കളി ഇക്കുറി ശുഷ്‌ക്കമായി. എങ്കിലും സർവതും മറന്ന് മാവേലി മന്നനെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു.

ഉത്രാടപ്പാച്ചലിൽ നഗരം വീർപ്പമുട്ടി. രാവിലെ പെയ്ത കനത്തമഴ ജനങ്ങളുടെ മനസിലും ആശങ്കയുടെ കാർമേഘങ്ങളുണ്ടാക്കി. എന്നാൽ പിന്നീട് തെളിഞ്ഞ അന്തരീക്ഷത്തിൽ ആഘോഷത്തിമിർപ്പിനെ തിരികെയെത്തിച്ചു. ചന്തയിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. പച്ചക്കറി, പഴം വിൽപ്പന കേന്ദ്രങ്ങളിൽ നിലക്കാത്ത ജനപ്രവാഹമായിരുന്നു ജൗളിക്കടകളിലും വൻതിരക്ക് അനുഭവപ്പെട്ടു.

പൂക്കളും തൃക്കാക്കരയപ്പന്മാരേയും വാങ്ങുവാനും നിരവധി പേരെത്തി. എല്ലാ ജംഗ്ഷനുകളിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. ട്രാഫിക്ക് നിയന്ത്രണത്തിന് എല്ലായിടത്തും പൊലീസെത്തിയിരുന്നു. അങ്ങനെ ഓണത്തെ നഗരവും സമീപ പ്രദേശങ്ങളും മത്സരിച്ചായിരുന്നു വരവേറ്റത്.