വടക്കാഞ്ചേരി: കേരളത്തിന്റെ മതേതര സംസ്‌കാരത്തെ തകർക്കാൻ കേന്ദ്രീകൃത ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീൻ. എന്തു വില കൊടുത്തും അതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.പി.എം. മുള്ളൂർക്കര ലോക്കൽ കമ്മിറ്റി പരേതനായ കുന്നത്ത് പിടികയിൽ ഉമ്മറിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഭവനങ്ങൾ നിർമ്മിച്ചു നൽകിയത്. അവശ വിഭാഗങ്ങളെ സഹായിക്കുന്നതിൽ പ്രളയമോ സാമ്പത്തിക പ്രതിസന്ധിയോ തടസമല്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ, എ. പത്മനാഭൻ, കെ.പി. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.വി. നഫീസ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സലാം, വി. രഘു തുടങ്ങിയവർ സംസാരിച്ചു.