gvr-kazhchakula-samarppan
ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിക്കുന്നു

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ നിറവിൽ ചിങ്ങമാസത്തിലെ ഉത്രാട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ കാഴ്ച്ചക്കുല സമർപ്പിക്കാൻ ഭക്തജന സഹസ്രങ്ങൾ. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ് നാക്കില വച്ചതിൽ പൂജകൾക്ക് ശേഷം മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ ചെറുതയൂർ ശ്രീജിത്ത് നമ്പൂതിരി, മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരി എന്നിവർ ഗുരുവായൂരപ്പന് മുന്നിൽ കാഴ്ച്ചക്കുല സമർപ്പിച്ചു. പിന്നീട് കെ. മുരളീധരൻ എം.പി, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ.കെ രാമചന്ദ്രൻ, പി. ഗോപിനാഥൻ, എം. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ തുടങ്ങിയവരും ഭക്തജനങ്ങളും കുലകൾ സമർപ്പിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെ രണ്ടായിരത്തിലധികം കാഴ്ച്ചക്കുലകളാണ് സമർപ്പിച്ചത്. കാഴ്ചയർപ്പിച്ച കുലകളിലെ ഒരു ഭാഗം പഴങ്ങൾ നാളെ നടക്കുന്ന തിരുവോണ സദ്യക്കുള്ള പഴപ്രഥമനായി മാറ്റി. ഒരു ഭാഗം ദേവസ്വത്തിന്റെ ആനകൾക്ക് നൽകി. കുഴച്ച അവിലും പഴവുമായിരുന്നു ആനയൂട്ടിലെ വിഭവങ്ങൾ. ശേഷിച്ച പഴം ക്ഷേത്ര സന്നിധിയിൽ ലേലം ചെയ്ത് ഭക്തജനങ്ങൾക്ക് നൽകി.