മരിച്ചയാൾ ഹൃദ്‌രോഗ ബാധിതനെന്ന് വിവരം

ചേർപ്പ് : മദ്യം കഴിച്ച് പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ആറാട്ടുപുഴ മഠത്തിലായി സുകുമാരനാണ് (72) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേർ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..

ഇവർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് പ്രഥാമിക നിഗമനം. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. സുകുമാരനും സുഹൃത്തുക്കളും ചേർപ്പ് മേഖലയിലെ ബീവറേജസ് കോർപറേഷന്റെ മദ്യ വിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങി വീട്ടിലിരുന്ന് കഴിച്ച് പുറത്തിറങ്ങിയ ഉടനെ സുകുമാരൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതിനിടെ മറ്റ് മൂന്നു പേർക്കും തളർച്ച അനുഭപ്പെട്ടതോടെ അവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ലോട്ടറി വിൽപ്പനക്കാരനായ സുകുമാരന് ഹൃദയ സംബന്ധമായ അസുഖം ഉള്ളതായി പറയുന്നു. ഇന്നലെ രാവിലെ മുതൽ സുകുമാരൻ അമിതമായി മദ്യപിച്ചിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ മദ്യമാണ് ഇവർ കഴിച്ചിരുന്നത്. ഇതിനിടെ വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചെന്നും മൂന്നുപേർ മരിച്ചെന്നുമുള്ള വാർത്ത പരന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.