തൃപ്രയാർ: തിരുവോണ നാളിൽ കനോലി കനാലിൽ നടന്ന ജലോത്സവത്തിൽ എ ഗ്രേഡിൽ ഒരുമനയൂർ ശ്രീമുരുക ബോട്ട് ക്‌ളബ്ബിന്റെ സെന്റ് ആന്റണിയും ബി ഗ്രേഡിൽ തൊയക്കാവ് സ്വാമി വിവേകാനന്ദ ബോട്ട് ക്‌ളബ്ബിന്റെ കാശിനാഥനും ജേതാക്കളായി. നടുവിൽക്കര പൗർണ്ണമി ബോട്ട് ക്‌ളബ്ബിന്റെ ജലറാണി എ ഗ്രേഡിൽ രണ്ടാം സ്ഥാനവും വെണ്മേനാട് പടവരമ്പ് ബോട്ട് ക്‌ളബ്ബിന്റെ കുറുപ്പുപറമ്പൻ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡിൽ നടുവിൽക്കര എൻ.ബി.സിയുടെ ശ്രീ പാർത്ഥസാരഥി രണ്ടാം സ്ഥാനത്തുമെത്തി. മഹിമ ബോട്ട് ക്‌ളബ്ബിന്റെ ശ്രീ ഭദ്ര മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി എ.സി മൊയ്തീൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഗീതാഗോപി എം.എൽ.എ ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, അന്തിക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാക്യഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിൻ, പി.എം അഹമ്മദ്, വി.കെ സുശീലൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് സ്വാഗതവും ബെന്നി തട്ടിൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് കാനാടിക്കാവ് മഠാധിപതി ഡോ. വിഷ്ണുഭാരതീയ സ്വാമി ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.