tn-prathapan
ടി.എൻ. പ്രതാപൻ എം.പി, ഭാര്യ രമ, മക്കളായ ആഷിക്, ആൻസി

മത്സ്യത്തൊഴിലാളിയായ അച്ഛന്റെ മകൻ. എങ്കിലും കടുത്ത ദാരിദ്ര്യത്തിനിടയിലും ഓണത്തിന് ഒരു ട്രൗസറും ഷർട്ടും അച്ഛന്റെ വകയുണ്ടാകും. എട്ടുകൂട്ടം കറികളുമായി അമ്മയുടെ ഓണസദ്യയും. ഓണത്തെക്കുറിച്ചുള്ള ഭൂതകാലം വിതുമ്പലോടെയാണ് തൃശൂർ എം.പി. ടി.എൻ. പ്രതാപൻ ഓർത്തെടുക്കുന്നത്.

തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം തോട്ടുങ്ങൽ വീട്ടിലാണ് എന്റെ ജനനം. അച്ഛൻ നാരായണൻ. അത്തം നാളാകുന്നതിന് മുമ്പേ കൈതോല ചെത്തിയെടുത്ത് ഉണക്കി അമ്മ കാളിക്കുട്ടി മനോഹരമായ പൂവട്ടിയുണ്ടാകും. ഞങ്ങൾ ഒമ്പതുമക്കളാണ്. ഏറ്റവും കൂടുതൽ പൂ പറിച്ചുകൊണ്ടുവരുന്നയാൾക്ക് ഉത്രാടത്തിന്റെ അന്ന് അമ്മ മഹാബലി ദേവന് നൽകാനെന്ന പേരിൽ ഉണ്ടാക്കുന്ന അട തരും. ഏറ്റവും കൂടുതൽ അപ്പം ലഭിച്ചതും എനിക്കായിരുന്നു. കീറിപ്പറഞ്ഞ നിക്കറിട്ട് വീടിനപ്പുറത്ത് ചിറ കടന്ന് തൊട്ടടുത്തുള്ള പാടത്ത് നിന്ന് പൂവട്ടി നിറയെ ഏറ്റവും കൂടുതൽ തുമ്പപ്പൂവും മുക്കുറ്റിപ്പൂവും പറിച്ചുകൊണ്ടുവരുന്നത് ഞാനായിരിക്കും. എന്റെ കൂടെ മൂന്നാമത്തെ സഹോദരി ലളിതയും ഉണ്ടാകും. ചാണകമെഴുകിയ മുറ്റത്ത് അമ്മയും സഹോദരിമാരും ചേർന്ന് പൂക്കളം ഇടും.

വർഷത്തിൽ രണ്ടു ഷർട്ടും ട്രൗസറും ലഭിക്കുന്ന രണ്ട് ദിനങ്ങളിൽ ഒന്നുകൂടിയാണ് കുട്ടിക്കാലത്ത് ഓണം. ഇതു രണ്ടും കീറിയാൽ എവിടെ നിന്നെങ്കിലും ആരെങ്കിലും ഉപയോഗിച്ച ടൗസറും ഷർട്ടും അമ്മ കൊണ്ടുവന്ന് തരും. തളിക്കുളം സെന്ററിൽ അന്ന് ഒരു ചെറിയ തുണിക്കടയുണ്ടായിരുന്നു. നിരപ്പലകയിട്ട് പൂട്ടുന്ന ഒരു മുറിയിലാണ് തുണിക്കട. കുന്നത്ത് തുണിക്കടയെന്നാണ് പേര്. കളത്തി ബാലനാണ് ഉടമ. അച്ഛൻ അവിടേക്ക് കൂട്ടി കൊണ്ടുപോകും. ട്രൗസറിനും ഷർട്ടിനുമുള്ള തുണിയെടുക്കും. എത്ര ദാരിദ്യമാണെങ്കിലും ഓണത്തിനുള്ള പുതുവസ്ത്രം അച്ഛൻ മറക്കില്ല. കടം വാങ്ങിയാണെങ്കിലും എല്ലാവർക്കും വസ്ത്രം വാങ്ങിക്കും. അച്ഛന് അതൊരു നിർബന്ധമായിരുന്നു. തുണിക്കടയോട് ചേർന്ന വരാന്തയിൽ ഒരു ടൈലറുണ്ട്. ചന്തു അമ്മാൻ. പെട്ടെന്ന് ഡ്രസ് തുന്നിത്തരും. കടയിൽ നിന്ന് തുണിയെടുത്ത് ചന്തു അമ്മാന്റെ കൈയിൽ കൊടുക്കുമ്പോൾ തുണിയുടെ പുതുമയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറും. ഇന്നും അതോർക്കുമ്പോൾ മൂക്കിന്നുള്ളിലേക്ക് ആ മണം ഇരച്ച് കയറും. 25 വർഷമായി ഓണപ്പുടവ എടുക്കാറില്ല. മക്കൾക്കും ഭാര്യയ്ക്കും വേണ്ടത് അവരവരുടെ ഇഷ്ടത്തിനെടുക്കും.


കുട്ടിക്കാലത്ത് കപ്പയും മീനുമാണ് വീട്ടിൽ പ്രധാന ഭക്ഷണം. ചിലപ്പോൾ കഞ്ഞിയും. ഒരു നേരം ചോറ് കിട്ടിയാലായി. അങ്ങനെയുള്ള ഒരു വീട്ടിൽ കഴിയുന്ന എന്നേപ്പോലുള്ള ഒരാൾക്ക് ഓണത്തിനുള്ള സമൃദ്ധമായ വിഭവങ്ങളോടെയുള്ള ഓണസദ്യ വലിയൊരു സന്തോഷം കൂടിയായിരുന്നു. ഓണസദ്യ കഴിക്കുന്നതിന് മുമ്പ് വീട്ടിന് അടുത്ത കുളത്തിൽപോയി കുളിക്കണം. പുതിയ ഉടുപ്പ് ഇടണം. പിന്നീടുള്ള സദ്യക്ക് ഒരു പ്രത്യേകതയും കൂടിയുണ്ട്. വലിയൊരു ഇലയിലാണ് വിഭവങ്ങൾ എല്ലാം വിളമ്പുന്നത്. ഞങ്ങളെല്ലാവരും ഇലയുടെ ഓരോ ഭാഗത്ത് ഇരിക്കും. ഇഞ്ചിംപുളി മുതൽ പായസം വരെയുളള വിഭവങ്ങൾ അമ്മ കാളിക്കുട്ടി വിളമ്പും. എനിക്കാണെങ്കിൽ കായയും പയറും ഭയങ്കര ഇഷ്ടമാണ്. എല്ലാ ഓണത്തിനും അമ്മ ഇതുണ്ടാക്കും. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഒരിക്കൽപ്പോലും അമ്മ ഞങ്ങളുടെ കൂടെ ഈ ഇലയിൽ നിന്ന് ഊണ് കഴിച്ചതായി ഓർമ്മയിലില്ല. എന്തുകൊണ്ട് അമ്മ ഇരുന്നില്ലെന്ന് അറിയില്ല. അതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പ്രായമല്ലല്ലോ അന്ന്. സത്യത്തിൽ അമ്മ അങ്ങനെയായിരുന്നു. എല്ലാവരെയും ഊട്ടുന്നതിലായിരുന്നു അമ്മയ്‌ക്കെന്നും സന്തോഷം. ഇന്നതോർക്കുമ്പോൾ അതൊരു തേങ്ങലാണ്.

നാട്ടിക എസ്.എൻ. കോളേജിൽ പ്രിഡിഗ്രി പഠനകാലത്തോടെ ഞാൻ കെ.എസ്.യുവിൽ സജീവമായി. ആ സമയത്ത് ഓണത്തിന് കുറഞ്ഞത് 25 കൂട്ടുകാരെങ്കിലും ഓണത്തിന് വീട്ടിലെത്തും. കൂടുതലും നാട്ടിലെ മുസ്‌ളീം സുഹൃത്തുക്കളായിരിക്കും. മരപ്പലകയിരുന്ന് ഓടിന്റെ പ്‌ളൈറ്റിൽ കൂട്ടുകാരൊപ്പം ഞാനും ഭക്ഷണം കഴിക്കും. അതിനുശേഷം തൊട്ടടുത്തുള്ള കടപ്പുറത്ത് പോകും. വൈകുന്നേരം വരെ പാട്ടുപാടിയും കവിത ചൊല്ലിയും സമയം കഴിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റായതിന് ശേഷം താമസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. ശനിയാഴ്ചകളിൽ വീട്ടിലേക്ക് പോകും. ഓണം ഏതു ദിവസമായാലും മുടക്കമില്ലാതെ വീട്ടിലെത്തും. അന്നും കൂട്ടുകാരെ കൂടെ കൂട്ടും. അമ്മിയിലരച്ച ചമ്മന്തിയും തേങ്ങാ സമ്പാറും അവിയലും കൂട്ടുകറിയും ഒക്കെ അമ്മ ഉണ്ടാക്കും. പാടത്ത് ജോലിക്ക് പോകുന്ന അമ്മ ഓണസദ്യക്കുള്ള അരി ശേഖരിച്ചു വയ്ക്കുമായിരുന്നു. ഇന്നത്തെ പ്രമുഖരായ എം.എൽ.എമാരും കെ.പി.സി.സി. ഭാരവാഹികളുമെല്ലാം ഒരു കാലത്ത് എന്റെ കൂടെ ഓണത്തിന് അമ്മ വിളമ്പി തരുന്ന സദ്യയുണ്ണാൻ എത്തുമായിരുന്നു. മര്യാദക്ക് ഇരിക്കാൻ പോലും സ്ഥലമില്ലാത്ത ഓലമേഞ്ഞ വീടായിരുന്നു എന്റേത്. എങ്കിലും കൂട്ടുകാർ തന്നെ ഇരിക്കാനുള്ള സൗകര്യമൊക്കെ കണ്ടെത്തും. അയൽപ്പക്കത്തെ വീടുകളിൽ നിന്നായിരുന്നു അന്ന് ഇരിക്കാൻ ഇരുമ്പിന്റെ കസേരകൾ എടുത്തുകൊണ്ടുവന്നിരുന്നത്.


2001ൽ എം.എൽ.എ ആയതിനു ശേഷം ഓണം ജനങ്ങളുടെ കൂടെയായി. ഓണസദ്യ ഉണ്ടതിന് ശേഷം നാട്ടിലെ ഓണപ്പരിപാടികളിൽ ഇഴുകിച്ചേരും. തളിക്കുളം സ്‌നേഹതീരത്തായിരിക്കും ഓണാഘോഷ പരിപാടികൾ. കേരളത്തിലെ തന്നെ ബീച്ച് ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഞാനായി വികസിപ്പിച്ചെടുത്ത സ്‌നേഹതീരം ബീച്ച്.

അമ്മ മരിച്ചതിന് ശേഷം എല്ലാ ഓണ ദിവസവും സദ്യ കഴിക്കുന്നതിന് മുമ്പ് എന്റെ കണ്ണ് നിറയും. അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾക്ക് മുന്നിൽ ഒരു തുള്ളി കണ്ണുനീർ സമർപ്പിക്കാതെ ഓണസദ്യ ഉണ്ണാറില്ല. ആദ്യ ഉരുള കൈയിലെടുക്കുമ്പോൾ, കുഞ്ഞായിരിക്കുമ്പോൾ അമ്മ അടുത്തിരുന്ന് ചോറു കുഴച്ച് ഉരുളയാക്കി വായിൽ വച്ചുതരുന്നതുപോലെ ഞാൻ സങ്കൽപ്പിക്കും.

ഏങ്ങണ്ടിയൂരിൽ ബി.എസ്.എസ് എന്നുപേരുള്ള ഒരു ക്‌ളബുണ്ട്. അവിടെ ഓണത്തിന് പാലടയുണ്ടാക്കും. സുഹൃത്തുക്കൾ ഇവിടെ നിന്ന് പാലടയും കൊണ്ടുവരും. അമ്മയുണ്ടാക്കുന്നതുപോലെ ഇന്ന് ഭാര്യ രമ എട്ടുതരം കറികളും അരിപ്പായസവും ഉണ്ടാക്കും. ഭാര്യയുമൊത്ത് മകൻ ആഷിക് (എൻജിനിയറിംഗ് ബിരുദധാരി), മകൾ ആൻസി (മെഡിസിൻ അവസാനവർഷ വിദ്യാർത്ഥി) എന്നിവർപ്പൊപ്പം സദ്യ കഴിച്ചതിന് ശേഷമേ നാട്ടിലെ കലാപരിപാടികളിലേക്കിറങ്ങൂ.

ദരിദ്രനായി ജനിച്ച ഞാൻ ഇന്ന് ഈ നിലയിലെത്തിയതിന് പിന്നിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്റെ വീട് ബാങ്കുകാർ ജപ്തി ചെയ്തുകൊണ്ടുപോയപ്പോൾ പുതിയ വീടുവയ്ക്കാൻ കല്ലും മണ്ണും കട്ടയും ഇഷ്ടികയും സിമന്റും എന്നുവേണ്ട ഇലക്ട്രിക് സ്വിച്ചും ബൾബുംവരെ ഓരോ സുഹൃത്തുക്കളായി സമ്മാനിച്ചതാണ്. ഈ ഓർമ്മയിൽ രണ്ടു സമയങ്ങളിൽ കൈയും മെയ്യും മറന്ന് ഞാൻ ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. ഒന്ന് ഓണനാളിലും മറ്റേത് റമദാൻ മാസത്തിലും. പ്രയാസപ്പെടുന്നവരെ സഹായിക്കുക. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാതിരിക്കുക എന്നതാണ് എന്റെ രീതി. മക്കളില്ലാത്തവരും മക്കളുണ്ടായിട്ടും സംരക്ഷിക്കപ്പെടാത്തവരുമായ എനിക്കറിയാവുന്ന അമ്മമാർക്ക് എന്റെയൊരു കൈ ഞാനെത്തിക്കും. ഇക്കുറി ഓണനാളിലും അതിനൊരു മുടക്കമുണ്ടാവില്ല.