പ്രദർശനം 15ന് സമാപിക്കും

തൃശൂർ: ഓർമ്മകളിൽ തെളിഞ്ഞ നിമിഷങ്ങൾ ചിപ്പികളിലേക്കും ശംഖുകളിലേക്കും പകർന്ന് കാഴ്ചയൊരുക്കുകയാണ് യുവ ചിത്രകാരി ശ്രീജ കളപ്പുരയ്ക്കൽ. ജീവസുറ്റ ചിത്രങ്ങളുടെ കാഴ്ചയുമായി ശ്രീജ ഒരുക്കിയ ലൂമിനസ് ആർട്ട് പ്രദർശനത്തിന്റെ പത്താമത്തെ പതിപ്പിന് 15ന് ലളിതകലാ ആർട്ട് ഗാലറിൽ തിരശീല വീഴും. 207 വലിയശംഖുകളും എണ്ണമറ്റ ചെറുശംഖുകളുമാണ് പ്രദർശനത്തിൽ.

കന്യാകുമാരി, രാമേശ്വരം, സൂററ്റ്, മുംബയ്, ഹൈദരാബാദ്, വിശാഖപട്ടണം, കൊൽക്കൊത്ത എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇവയത്രയും ശേഖരിച്ചത്. മൂന്നുവർഷത്തെ പ്രയത്‌നഫലമാണ് ശ്രീജയ്ക്ക് ഈ സമ്പാദ്യം. അതുകൊണ്ടു തന്നെ യാത്രകളിലായിരുന്നു ഈ മൂന്നുവർഷവും ശ്രീജ. കരിവീരന്റെ എടുപ്പുള്ള കൊമ്പും മസ്തകവും, സൂര്യകാന്തിപ്പാടങ്ങൾ, ആമ്പലും താമരയും വിരിയുന്ന കുളങ്ങൾ, പാറിപ്പറക്കുന്ന പൂമ്പാറ്റകൾ, തുമ്പികൾ, ധ്യാനനിരതനായ ബുദ്ധൻ എന്നിവയിൽ തുടങ്ങി യാഥാർത്ഥ്യത്തോട് ചേർന്ന് കിടക്കുന്ന ഓർമ്മകളും ഒക്കെ ചിപ്പിക്കുള്ളിൽ അതിമനോഹരമായാണ് ശ്രീജ വരച്ചു ചേർത്തത്. പ്രളയകാലത്ത് കുത്തിയൊലിക്കുന്ന വെള്ളത്തെ അതിജീവിച്ച് കുരുന്നുജീവനുമായി ഓടുന്ന രക്ഷാപ്രവർത്തകരും മലവെള്ളത്തെ ഭയക്കാതെ അതിജീവനയാത്ര നടത്തുന്ന ആളുകളും ശ്രീജയുടെ ചിത്രങ്ങളിലുണ്ട്.
ചിത്രങ്ങൾക്കൊപ്പം തയ്യാറാക്കിയ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശംഖുരൂപവും പ്രദർശനത്തിനുണ്ട്. പത്ത് കിലോഗ്രാമോളം ചെറുശംഖുകൾ മോൾഡ് ചെയ്തുകൊണ്ട് മൂന്നു മാസമെടുത്താണ് ശിൽപം പൂർത്തിയാക്കിയത്. ഏറ്റവുമധികം തൂവൽ ശേഖരം സൂക്ഷിച്ച വ്യക്തിയെന്ന ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാഡും യു.ആർ.എഫ് ഏഷ്യൻ റെക്കാഡും കണ്ണംകുളങ്ങര സ്വദേശിനിയായ ശ്രീജയ്ക്ക് സ്വന്തമായുണ്ട്. ശ്രീജയുടെ മകൻ മഹേശ്വർ തയ്യാറാക്കിയ ചിപ്പിയിൽ നിർമ്മിച്ച മയിൽശിൽപവും പ്രദർശനത്തിലുണ്ട്.