തൃശൂർ: കുന്നംകുളം തൃശൂർ പാതയിൽ പുഴയ്ക്കലിലെ കുരുക്ക് അഴിക്കാനുള്ള പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി നാലു ദിവസത്തിനകം പൂർത്തിയേക്കും. കോൺക്രീറ്റിംഗ് ഉറക്കാൻ പത്തു ദിവസമെടുത്താൽ പോലും മാസാവസാനം തുറന്നു കൊടുക്കാനായേക്കും. കോൺഗ്രസ് സമരത്തോടെ, പുതിയ പാലം രാഷ്ട്രീയ പ്രശ്‌നമായതിനാൽ ഉദ്ഘാടനത്തിനായി കൂടുതൽ ദിവസം അടച്ചിടുമോയെന്ന് കണ്ടറിയണം. അനിൽ അക്കര എം.എൽ.എയും മന്ത്രി വി.എസ്. സുനിൽ കുമാറും തോളോടു തോൾ ചേർന്നതിനാൽ റെക്കാഡ് വേഗത്തിലായിരുന്നു നിർമ്മാണം. എന്നാൽ അവസാന നിമിഷം പാലം തുറന്നു നൽകാത്തതിനെ ചൊല്ലിയുണ്ടായ വിവാദം പദ്ധതിവേഗത്തിന്റെ നിറം കെടുത്തി.
കഴിഞ്ഞ മാസം പത്തിനുള്ളിൽ പാലം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രി പറഞ്ഞിട്ടും പാലം തുറന്നു കൊടുക്കാൻ ചീഫ് എൻജിനിയർ തടസം നിന്നതോടെ എം.എൽ.എയും കൂട്ടരും സമരത്തിനിറങ്ങി. ഇതോടെ ഇടത് നേതൃത്വം എം.എൽ.എയ്‌ക്കെതിരെ പോസ്റ്റർ യുദ്ധം തുടങ്ങി. വിവാദങ്ങൾക്കിടയിലും കനത്ത മഴയിലും നിർമ്മാണ പ്രവൃത്തി കരാറുകാരൻ കെ.ജെ. വർഗീസ് മുടക്കമില്ലാതെ നടത്തി. 2018 ജൂലായിലാണ് കരാർ ഉറപ്പിച്ചതെങ്കിലും വർഗീസ് മാർച്ചിൽ തന്നെ പണി തുടങ്ങി. പ്രളയം കുറച്ചുനാൾ പണി വൈകിപ്പിച്ചതൊഴിച്ചാൽ മറ്റ് തടസങ്ങളുണ്ടായില്ല.
നിർമ്മാണം ഇതുവരെ..
മഴയുള്ളതിനാൽ ടാറിംഗ് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ, നിർമ്മാണം പെട്ടെന്ന് തീർക്കാൻ പാലത്തിലും അപ്രോച്ച് റോഡിലും ടാറിംഗ് ഒഴിവാക്കി. കോൺക്രീറ്റ് കട്ടവിരിക്കൽ പൂർത്തിയായി. പുതിയ പാലം വന്നതോടെ പുഴയ്ക്കൽ ടൂറിസം സെന്ററിലേക്കുള്ള റോഡും ദേശീയ പാതയും തമ്മിൽ ഒരു മീറ്ററോളം ഉയര വ്യത്യാസമുണ്ട്. ഈ റോഡിൽ 250 മീറ്റർ ദൂരം കട്ട വിരിച്ച് ലെവൽ ചെയ്ത് കോൺക്രീറ്റ് ചെയ്യണം. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന രണ്ടറ്റത്തും കോൺക്രീറ്റ് ചെയ്യണം.
പുതിയ ജംഗ്ഷൻ
പാലം എത്തുന്നതിന് മുമ്പ് പുതിയ ജംഗ്ഷനും സിഗ്‌നൽ ലൈറ്റ് സംവിധാനവും നിലവിൽ വരും. മുതുവറയിലും സിഗ്‌നൽ ലൈറ്റ് ഏർപ്പെടുത്തും. മുതുവറ, പുഴയ്ക്കൽ പാലം, ലുലു എന്നിവിടങ്ങളിൽ ടൈം സെറ്റു ചെയ്തുകൊണ്ടുള്ള സിഗ്‌നൽ സംവിധാനമാണ് ഏർപ്പെടുത്തുക. പദ്ധതി അംഗീകാരത്തിനായി എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്.
മന്ത്രിമാരുമായി ചർച്ച
16നുള്ളിൽ കോൺക്രീറ്റിംഗ് പൂർത്തിയാകും. പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി ചർച്ച നടത്തും. ഉദ്ഘാടനത്തിനായി വീണ്ടും പാലം അടച്ചിടുമോയെന്ന് കണ്ടറിയണം
അനിൽ അക്കര എം.എൽ.എ.
പ്രധാന പാലത്തിന്റെ നീളം 44.64 മീറ്റർ
വീതി 7.5 മീറ്റർ (നടപ്പാത 1.5 മീറ്റർ)
നടപ്പാലത്തിന്റെ നീളം 30 മീറ്റർ
വീതി 2.5 മീറ്റർ
നിർമ്മാണ ചെലവ് 7.37 കോടി രൂപ...