കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടിച്ചു
ചേലക്കര: തിരുവോണ നാളിൽ വിതരണം ചെയ്ത പാലട പായസം കഴിച്ച 80 പേർക്ക് ഭക്ഷ്യ വിഷ ബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂർ കാറ്ററിംഗ് നടത്തുന്ന പ്ലാഴി ശശി തയ്യാറാക്കി വിൽപ്പന നടത്തിയ പാലട പായസത്തിൽ നിന്നാണ് വിഷബാധയുണ്ടായത്. പായസം കഴിച്ച പലർക്കും വൈകാതെ ഛർദ്ദി, തലകറക്കം, വയറിളക്കം എന്നിവ അനുഭവപ്പെട്ടു.
വൈകീട്ടോടെ കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്നവർ ഒന്നാകെ ചേലക്കര താലൂക്ക് ആശുപത്രിയിലും ജീവോദയ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രാത്രിയിൽ തന്നെ ആശുപത്രിയിലെത്തിയ ഫുഡ് സേഫ്റ്റി ഓഫീസർ വി.കെ. പ്രദീപ് കുമാർ ഭക്ഷ്യവിഷ ബാധയേറ്റവരുടെ മൊഴിയെടുത്തു. ഡോക്ടർമാരുമായി ചർച്ച നടത്തി. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ പാലട പായസത്തിന്റെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ശേഖരിച്ചു. ഒരാളുടെ വീട്ടിൽ അവശേഷിച്ച പായസവും പരിശോധനയ്ക്കെടുത്തു.
കാറ്ററിംഗ് സ്ഥാപനം ഫുഡ് സേഫ്റ്റി അധികൃതർ പരിശോധിച്ച് നോട്ടീസ് നൽകി അടച്ചു പൂട്ടി. പ്രാഥമിക നടപടിയായി 20,000 രൂപ പിഴ ചുമത്തി. സാമ്പിൾ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് സ്ഥാപന ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ സി.എ. ജനാർദ്ദനൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ് കുമാർ, രാജീവ് സൈമൺ, എസ്. ലിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി...