തൃശൂർ: കാട് വിട്ട് നഗരത്തിലെത്തിയ മലയണ്ണാൻ ഷോക്കേറ്റ് ചത്തു. ഇന്നലെ രാവിലെ തൃശൂർ എം.ജി റോഡിൽ ആൾത്താമസമില്ലാത്ത വീട്ടിലെ പറമ്പിലാണ് മലയണ്ണാനെ കണ്ടെത്തിയത്. പൊങ്ങണംകാട് ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വൈകീട്ടോടെ വെറ്ററിനറി ഡോ. ഡേവിഡ് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മലയണ്ണാനെ മറവ് ചെയ്തു. മലയണ്ണാന്റെ ആന്തരികാവയങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പീച്ചി, പട്ടിക്കാട് മേഖലയിൽ നിന്ന് പച്ചക്കറി ലോറികളുടെ മുകളിൽ കയറിയായിരിക്കും മലയണ്ണാൻ നഗരത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.