ഉദ്ഘാടനം ഒക്ടോ. 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമ്മാണോദ്ഘാടനം ഒക്ടോബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ് പറഞ്ഞു. പൗരാണിക കേരള വാസ്തു ശിൽപ്പ കലയിൽ പണിതീർത്ത ചേരമാൻ ജുമാ മസ്ജിദ് 1974 വരെ തനത് ശൈലിയിൽ നില നിന്നിരുന്നു. തുടർന്ന് നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കുന്നതിന് അകത്തെ പള്ളിക്ക് യാതൊരു മാറ്റവും വരുത്താതെ, പള്ളിയുടെ ഇരു വശങ്ങളിലെ വരാന്തയും ചെരിവുകളും, പൂമുഖവും ഒഴിവാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. പഴയ പള്ളി കാണുന്നതിനും പഠിക്കുന്നതിനും ചരിത്ര വിദ്യാർത്ഥികൾ ഉൾപ്പെടെ നിത്യവും എത്തിച്ചേരുന്ന സാഹചര്യമുണ്ടായതോടെ 2011 ജൂണിൽ കൂടിയ മഹല്ല് പൊതുയോഗം പള്ളിയുടെ പൗരാണിക തനിമ തിരിച്ച് കൊണ്ടുവരണമെന്ന തീരുമാനമെടുത്തിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിവിധ വകുപ്പുകളുടെ അനുമതിക്കും കെട്ടിട നിർമ്മാണം ആസൂത്രണം ചെയ്യുന്നതിനും ദീർഘകാലം വേണ്ടി വന്നു.

മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ ചേരമാൻ പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലിന് 1.18 കോടി രൂപ അടങ്കൽ നിശ്ചയിച്ച് പ്രവൃത്തികൾ ഇൻകെൽ ലിമിറ്റഡിനെ ടൂറിസം വകുപ്പ് ഏൽപ്പിച്ചിട്ടുണ്ട്. പള്ളിയുടെ ചരിത്രവും പഴക്കവും സാക്ഷ്യപ്പെടുത്തുന്ന അറബിയിലുള്ള പുരാതന ചുമർ ലിഖിതം പള്ളിയിൽ കണ്ടെത്തിയിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ അകത്തെ പള്ളിയിലെ മര ഉരുപ്പടികൾക്ക് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

പദ്ധതി ഇങ്ങനെ

1974 ന് ശേഷം കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത് പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുന:സ്ഥാപിക്കുക നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കുന്നതിന് പഴയ പള്ളിയുടെ നിർമ്മാണ ശേഷം ഭൂമിക്കടിയിൽ വിശാലമായ സൗകര്യമേർപ്പെടുത്തുക

പദ്ധതി പ്രവർത്തനങ്ങൾ മൂന്ന് വർഷത്തോളം നീണ്ട് നിൽക്കും

..................

രാജ്യത്തിന്റെയും മഹല്ലിന്റെയും ഏറെക്കാലത്തെ ആഗ്രഹമാണ് പൂവണിയുന്നത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക് , വി.എസ് സുനിൽ കുമാർ, എ.സി മൊയ്തീൻ, കടകംപിള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ , ബെന്നി ബെഹനാൻ എം പി, എം.എൽ.എമാരായ അഡ്വ. വി.ആർ സുനിൽ കുമാർ , ഇ.ടി ടൈസൻ മാസ്റ്റർ, വി.ഡി സതീശൻ , വഖഫ് ബോർഡ് ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുക്കും

ഡോ. പി.എ മുഹമ്മദ് സഈദ്

മഹല്ല് പ്രസിഡന്റ്

എസ്.എ അബ്ദുൽ കയ്യൂം

സെക്രട്ടറി