കൊടുങ്ങല്ലൂർ: അഴീക്കോട് മേഖലയിൽ ഇന്നലെ പുലർച്ചെയുണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കി. മരങ്ങൾ വീണ് നിരവധി വീടുകൾക്കും ഒരു വാഹനത്തിനും നാശം സംഭവിച്ചു. അഴീക്കോട് ബീച്ച്, ജെട്ടി, പുത്തൻപള്ളി, ജെട്ടി പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വാകച്ചാൽ മാടത്തിങ്കൽ നകുലൻ, രാമൻകുളത്ത് ഹംസ, കൈമാതുരുത്തി ഓമന, അഴീക്കോട് ജെട്ടിക്ക് സമീപം പൊയ്യാറ സോമൻ, മാർത്തോമ പരിസരത്ത് താണിക്കപ്പറമ്പിൽ സുരേഷ് ബാബു എന്നിവരുടെ വീടുകളുടെ മേൽക്കൂര മരങ്ങൾ വീണ് തകർന്നു. മുൻ എറിയാട് പഞ്ചായത്തംഗം പി.ജെ. ഫ്രാൻസിസിന്റെ വീട്ടുവളപ്പിലെ അടക്കാമരവും മറ്റും പിളർന്ന് മാറിയ സ്ഥിതിയിലായി. അഴീക്കോട് രാജഹാളിനും കാറ്റിൽ കേടുപാട് സംഭവിച്ചു.
സീതി സാഹിബ് സ്കൂളിന് പടിഞ്ഞാറുവശം ഈരേഴത്ത് ഷിജുവിന്റെ ഓട്ടോ ടാക്സിയിലേക്ക് മരം വീണ് വാഹനം തകർന്നു. താണിക്കപ്പറമ്പിൽ സുരേഷ് ബാബുവിൻ്റെ വീട് തകർന്നു. ചുമരിൻ്റെ പല ഭാഗങ്ങളിലും വിള്ളലും വീണിട്ടുണ്ട്. കാറ്റ് വീശിയതോടെ ഓട് പറന്ന് പോവുകയായിരുന്നു. തട്ടുള്ള വീടായതിനാൽ വീടിനകത്തുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.