കുന്നംകുളം: വാഹനാപകടത്തിൽ ചികിത്സയിലായിക്കെ മരിച്ച തലപ്പുള്ളി പ്രവീണിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരെ സി.പി.എം ആക്രമിച്ചെന്ന് പരാതി. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സമീപമുള്ള ഒരു വിധവയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവരെയും വീടിന് നേരെയും സി.പി.എം പ്രവർത്തകർ ആക്രമിച്ചത്രെ.
ഇതേത്തുടർന്ന് വീട്ടമ്മയായ പാറയിൽ രജനിയുടെ കൈകൾക്ക് പരിക്കേറ്റു. രജനിയുടെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെയാണ് ആക്രമണങ്ങളുടെ തുടക്കം. സി.പി.എം - ബി.ജെ.പി സംഘർഷമുണ്ടാകുന്ന പ്രദേശമാണിത്. മങ്ങാട്, സന്തോഷ് എന്ന ബി.ജെ.പി പ്രവർത്തകനും ഗണേശൻ എന്ന സി.പി.എം പ്രവർത്തകനും മുമ്പ് പരിക്കേറ്റിട്ടുണ്ട്.
ഇതിൽ സന്തോഷിന് ഒരുവശം തളരുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. മരണ വീട്ടിൽ നടന്ന സംഘർഷം മൂലം നാട്ടുകാർ പരിഭ്രാന്തരാണ്. ആക്രമണത്തെ തുടർന്ന് ഇരുപാർട്ടിക്കാരുടെയും ശക്തികേന്ദ്രമായ മങ്ങാട് പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി.