nilavilaku-kimarunu
എന്‍.പി.മുരളി കാര്‍ത്യായനിക്ക് ദീപം കൈമാറുന്നു

പുതുക്കാട്: പ്രമേഹ ബാധയെ തുടർന്ന് ജീവിതത്തിൽ പ്രയാസം നേരിടുന്ന ഗൃഹനാഥന് സേവാഭാരതി വീട് നിർമ്മിച്ചുനൽകി. തൃശൂർ നഗരത്തിൽ ഓട്ടോ ഓടിച്ചായിരുന്നു നെടുപുഴ താഴത്ത്പുര കുമാരന്റെ മകൻ സുരേഷ് കുടുംബം പുലർത്തിയിരുന്നത്. പ്രമേഹബാധയെ തുടർന്ന് അസുഖങ്ങൾ ഏറിയതോടെ ഓട്ടോ ഓടിച്ച് ഉപജീവനം നടത്താൻ കഴിയാതായി. ഇതിനിടെ അമ്മ കാർത്യായനിക്ക് ഹൃദ്രോഗം കൂടിയായതോടെ കൂനിൽമേൽ കുരുവായി.

പിതാവ് കുമാരന്റെ മരണം കൂടി കുടുംബത്തെ തേടിയെത്തി. കാർത്യായനിയുടെയും സുരേഷിന്റെയും ചികിത്സയ്ക്കായി ഉണ്ടായിരുന്ന വീട് വിറ്റതോടെ വാടകവീട്ടിലേക്ക് താമസം മാറ്റി. നിർദ്ധന കുടുംബത്തിന് വാടകഭാരം താങ്ങാനാകാതെ വന്നതോടെയാണ് സേവാഭാരതി പ്രവർത്തകർ വാടക കുടിശിക തീർത്ത് മൂന്ന് സെന്റ് സ്ഥലവും വീടും വാങ്ങി നൽകിയത്.

ലളിതമായ ചടങ്ങിൽ വിവേകാനന്ദം എന്ന് പേരിട്ട വീടിന്റെ ആധാരവും താക്കോലും കുടുംബത്തിന് കൈമാറി. രാഷ്ട്രീയ സ്വയംസേവക് സംഘ് ജില്ലാ സംഘചാലക് എൻ.പി. മുരളി, കാർത്യായനിക്ക് ദീപം കൈമാറി ഗൃഹപ്രവേശനം നടത്തി. പ്രവർത്തകരായ ടി.സി. സേതുമാധവൻ, എ.വി. ദിനേഷ്, വി.വി. രാജേഷ്, പി. ഹരിദാസ് തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു.