കൊടുങ്ങല്ലൂർ: നഗരസഭയിലെ 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഈ വർഷം നഗരസഭയുടെ നേതൃത്വത്തിൽ വോളിബാളിൽ വിദഗ്ദ്ധ കോച്ചിംഗ് നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭയിലെ സ്കൂളുകളിൽ പഠിക്കുന്ന മറ്റു പഞ്ചായത്തുകളിൽ നിന്നും വരുന്ന കുട്ടികളെയും ഉൾപ്പെടുത്തി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കോച്ചിംഗ് നൽകുന്നതാണ് പദ്ധതി.

ഇതിനായി നഗരസഭ ഒരു വോളി അക്കാഡമി സ്ഥാപിച്ച് അതിന്റെ മേൽനോട്ടത്തിൽ ശൃംഗപുരത്തുള്ള മുസിരിസ് ബസ് സ്റ്റാൻഡിന് സമീപത്ത് നഗരസഭ നിർമ്മിച്ച കോർട്ടിലാണ് പരിശീലനമൊരുക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകീട്ട് 4 മുതൽ 6 വരെയുമാണ് പരിശീലനം. കാലിക്കറ്റ് സർവകലാശാലയിലെ കായികാദ്ധ്യാപകനായ ഫയസ്, മുതിർന്ന കോച്ച് പരമേശ്വരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകും.

നഗരസഭയുടെ തനത് വോളിബാൾ ടീം രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മുസിരിസ് കോർട്ടിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വ്യക്തമാക്കി. ഫുട്ബാൾ, കബഡി, ക്രിക്കറ്റ് എന്നീ കളികളിലും താല്പര്യമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകാനും ഈ വർഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പഠിപ്പിക്കുന്നതിനും പണം വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. കൗൺസിലർ വി.എം. ജോണിയുടെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരായ എം.കെ. സഹീർ, കെ.എം. രതീഷ്, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, കോച്ചുമാരായ പി.കെ. പരമേശ്വരൻ മാസ്റ്റർ, ജി.എസ്. സുരേഷ്, പി.എ. ഫയിസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രദർശന മത്സരവും നടന്നു. വിജയികൾക്കുള്ള സമ്മാനദാനവും ചെയർമാൻ നിർവഹിച്ചു.