പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് 14-ാം വാർഡിലെ വേട്ടെക്കൊരുമകൻ ചീർപ്പ് കാലപ്പഴക്കത്താൽ തകർന്നു വീണു. 32 വർഷം മുമ്പ് നിർമ്മിച്ച ചീർപ്പ് ഏത് സമയവും തകർന്ന് വീഴാവുന്ന അവസ്ഥയിലായിരുന്നു. ചീർപ്പിന്റെ മുകളിലെ സ്ലാബുകളാണ് തകർന്ന് വീണത്. നാല് സ്ലൂയീസുകളാണ് ഇതിനുള്ളത്. ഇതിൽ മൂന്നെണ്ണം വെള്ളത്തിൽ തകർന്നു വീണു.
പാലത്തിന് മുകളിലൂടെ നടന്നുപോയ മൂന്ന് കുട്ടികൾ മറുകരയിൽ എത്തിയ ഉടനെയാണ് തകർന്ന് വീണതെന്ന് സംഭവം കണ്ട അഡ്വ. എ.കെ. കൃഷ്ണൻ പറഞ്ഞു. വ്യഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പരിസരത്തുള്ള കൃഷിയും കുടിവെളളവും ഉപ്പ് വെള്ളം കയറാതെ സംരക്ഷിക്കാനുള്ള ഏക ചീർപ്പായിരുന്നു ഇത്.
എല്ലാ വർഷവും വെങ്കിടങ്ങ് പഞ്ചായത്ത് വേനൽക്കാലത്ത് ഉപ്പ് വെള്ളം കയറാതിരിക്കാൻ ചീർപ്പിൽ പലക ഉപയോഗിച്ച് മണ്ണിട്ട് സംരക്ഷിച്ചു വരികയായിരുന്നു. സ്ലൂയിസിന് മുകളിലൂടെയാണ് അമ്പതോളം തീരദേശവാസികൾ നടന്നിരുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇതിന് മുകളിലൂടെ പോകുന്നുണ്ട്. പാലത്തിന്റെ ദുർബലാവസ്ഥയെ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാർഡ് അംഗം ഷാജു അമ്പലത്ത് വീട്ടിൽ ആവശ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് കൃഷി വകുപ്പിന്റെ നിറവ് പദ്ധതിയിൽ ചീർപ്പ് പുതുക്കിപ്പണിയാൻ ഫണ്ടുള്ള കാര്യം ചർച്ചയിൽ അന്നത്തെ പ്രസിഡന്റ് രതി എം. ശങ്കർ, വൈസ് പ്രസിഡന്റ് കെ.വി.മനോഹരൻ എന്നിവർ അറിയിച്ചിരുന്നു. തുടർന്ന് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പിന്നീട് മുരളി പെരുനെല്ലി എം.എൽ.എ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ച് ഇതിന് മുൻഗണന തീരുമാനിക്കുകയും ഉടൻ എസ്റ്റിമേറ്റ് എടുത്ത് പുതുക്കിപ്പണിയാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ചീർപ്പിന്റെ മുകളിലൂടെയുള്ള പ്രദേശവാസികളുടെ യാത്ര നിരോധിച്ചു. താത്കാലിക നടപ്പാലം ഉണ്ടാക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തരമായി പരിഹരിക്കും
ക്വട്ടേഷൻ ഉടൻ
തൊയക്കാവ് വേട്ടെക്കൊരുമകൻ കടവ് ചീർപ്പിന് 26.52 ലക്ഷവും, പയ്യൂർമാട് ചീർപ്പിന് 17.64 ലക്ഷവും നിറവ് പദ്ധതിയിൽ അനുവദിച്ചിട്ടുണ്ടെന്നും മൂന്ന് തവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും എടുത്തിട്ടില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ പറഞ്ഞു. അടിയന്തരമായി ഏതെങ്കിലും കരാറുകാരുമായി സംസാരിച്ച് ക്വട്ടേഷൻ എടുപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് പി.കെ. പത്മിനി അറിയിച്ചു.
കാലം വരുത്തിയത്
തകർന്നത് 32 വർഷം പഴക്കമുള്ള വേട്ടയ്ക്കൊരുമകൻ ചീർപ്പ്
ചീർപ്പിന്റെ നാല് സ്ലൂയിസുകളിൽ മൂന്നെണ്ണം തകർന്നുവീണു
ചീർപ്പ് തകർന്നതോടെ 50 ഓളം പേർക്ക് വഴിയടഞ്ഞു
ചീർപ്പ് പുതുക്കിപ്പണിയാൻ തീരുമാനം, ക്വട്ടേഷനായില്ല
താത്കാലിക നടപ്പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യം
കാപ്
വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് വേട്ടയ്ക്കൊരുമകൻ ചീർപ്പ് തകർന്ന നിലയിൽ.